railway

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെട്ടിട്ടില്ല. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം നല്‍കുന്ന സ്റ്റേഷന്‍. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്.

3337 കോടി രൂപ വരുമാനം നല്‍കുന്ന ന്യൂഡല്‍ഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്. ഹൗറ സ്റ്റേഷനാണ് 1692 കോടിയുമായി രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്ന് 1299 കോടി രൂപ വാര്‍ഷിക വരുമാനവുമായി ചെന്നൈ സെന്‍ട്രലും പട്ടികയിലുണ്ട്. യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവ അനുസരിച്ച് ഏറ്റവും വലിയ കാറ്റഗറിയായി പരിഗണിക്കുന്ന നോണ്‍ സബ് അര്‍ബന്‍ പട്ടികയിലുള്ളത് 28 സ്റ്റേഷനുകളാണ്. മുംബയ് ഉള്‍പ്പെടുന്ന മേഖലയാണ് ഇതില്‍ മുന്നില്‍.

വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും മികച്ച പ്രകടനമാണ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ (281.12 കോടി) ആണ് കേരളത്തില്‍ മുന്നില്‍. എറണാകുളം ജംഗ്ഷന്‍ ആണ് രണ്ടാമത് (241.71 കോടി). മൂന്നാം സ്ഥാനത്ത് കോഴിക്കോടും നാലാമത് തൃശൂരും എത്തിയപ്പോള്‍ എറണാകുളം ടൗണ്‍, കണ്ണൂര്‍, പാലക്കാട് ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. യാത്രക്കാരുടെ പ്രതിവര്‍ഷ കണക്കിലും മുന്നില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ആണ്. 1.31 കോടി ആളുകളാണ് സ്‌റ്റേഷന്‍ ഉപയോഗിച്ചത്.