ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ അതിവേഗം മുന്നേറുകയാണ് മെറ്റ ഉടമസ്ഥന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്ഫോമുകളുടെ സി.ഇ.ഒയായ സക്കര്‍ബര്‍ഗിന്റെ ആസ്തി ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് 51 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 179 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. നിലവില്‍ ആഗോള പട്ടികയില്‍ നാലാം സ്ഥാനത്താണ് സക്കര്‍ബര്‍ഗ്.
ഈ വര്‍ഷം ആദ്യം ആറാം സ്ഥാനത്തായിരുന്ന അദ്ദേഹം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. എലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ മെറ്റ സ്ഥാപകന്റെ മുന്നിലുള്ളത്. ഈ വര്‍ഷം മാത്രം 51 ബില്യന്‍ ഡോളറിന്റെ വര്‍ദ്ധനവാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 179 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള വ്യവസായങ്ങളുടെ വളര്‍ച്ചയാണ് സക്കര്‍ബര്‍ഗിന് പെട്ടെന്നുള്ള വരുമാന വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് ഓഹരി വിപണിയിലെ മെഗാ-ക്യാപ് ടെക് ഓഹരികളാണ് മെറ്റാ, ടെസ്ല, ആമസോണ്‍ എന്നിവ. സക്കര്‍ബര്‍ഗ് 2004 ല്‍ 19ാം വയസിലാണ് ഫേസ്ബുക്ക് സ്ഥാപിക്കുന്നത്. 1.3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മെറ്റ.
മറ്റ് സമ്പന്നരെ അപേക്ഷിച്ച് പ്രായത്തില്‍ ചെറുപ്പമാണെന്നത് സക്കര്‍ബര്‍ഗിന് ലോകത്തിലെ ഏറ്റവും വലിയ ധനികനാകുള്ള അനുകൂല സാഹചര്യങ്ങളിലൊന്നാണ്. നിലവില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരുടെ ഉടമകളേക്കാള്‍ ആസ്തിയുണ്ട് 40 കാരനായ സക്കര്‍ബര്‍ഗിന്.