varun

ബംഗളൂരു: മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കന്നഡ നടന്‍ വരുണ്‍ ആരാധ്യ. സംഭവത്തില്‍ വരുണിനെതിരെ പോലീസ് കേസ് എടുത്തു.


സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ വര്‍ഷ കാവേരിയാണ് കേസിലെ പരാതിക്കാരി. കാമുകനായിരുന്ന വരുണ്‍ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വര്‍ഷ നല്‍കിയ പരാതിയില്‍ പറയുന്നു.

2019 മുതല്‍ വരുണും കാവേരിയും പ്രണയത്തിലായിരുന്നു. 2023ല്‍ മറ്റൊരു യുവതിയുമൊത്തുള്ള വരുണിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കാവേരി കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നത്. എന്നാല്‍ വരുണ്‍ പിന്നെയും കാവേരിയെ പിന്തുടരുകയായിരുന്നു. എന്നാല്‍ വീണ്ടും അടുപ്പത്തിലാകാന്‍ പെണ്‍കുട്ടി താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചത്.

കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാള്‍ വര്‍ഷ കാര്യങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വര്‍ഷയ്ക്ക് അയച്ചു നല്‍കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാവേരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വേറെ ആരെയെങ്കിലും വിവാഹം ചെയ്താല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
ബസവേശ്വര്‍നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ പരാതിയില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തനിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരേയും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വരുണ്‍ ആരാധ്യ തയ്യാറായിട്ടില്ല.