
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുൻ എസ്.പി സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തതായി സൂചന. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. പി.വി. അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 1നാണ് മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മർദ്ദനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളും സിവിൽ പൊലീസ് ഓഫീസർമാരുമായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരായ പരാതി പിൻവലിച്ചാൽ എന്നും പി.വി അൻവറിന്റെ വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺസംഭാഷണം സേനയ്ക്ക് നാണക്കേടായിരുന്നു. സുജിത്തിന്റെ ഡാൻസാഫ് സ്‌ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ മുക്കാലും അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300 ഗ്രാംവരെ കുറവുണ്ടെന്ന് കണ്ടെത്തി സുജിത്തിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങുകയും ചെയ്തു. ഗുരുതര ചട്ടലംഘനം കണ്ടെത്തിയാണ് സസ്‌പെൻഡ് ചെയ്തത്.
പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കി മാറ്റി കോടികളുണ്ടാക്കി. പ്രതികളിൽ നിന്ന് പണം വാങ്ങി, മലപ്പുറം എസ്.പിയായിരിക്കെ ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തി തുടങ്ങിയ ആരോപണങ്ങൾ ആണ് സുജിത് ദാസിനെതിരെ അന്വേഷിക്കുക.