
മലപ്പുറം: ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷ്വറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇന്‍ഷ്വറന്‍സ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധി. തൊഴുവാനൂര്‍ സ്വദേശി കളത്തില്‍ വീട്ടില്‍ എം. മിനി സമര്‍പ്പിച്ച ഹരജിയിലാണ് കമ്മിഷന്‍ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി.
ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നേരിട്ട് പണം അടയ്ക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. അപ്രകാരം ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു. ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.
രേഖകള്‍ പരിശോധിച്ച കമ്മിഷന്‍ കമ്പനിയുടെ വാദം നിരാകരിച്ചു. ഇന്‍ഷ്വറന്‍സ് പോളിസി എടുക്കും മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും തെളിയിക്കാന്‍ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇന്‍ഷ്വറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ബില്ലു പ്രകാരമുള്ള ചികിത്സാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. വീഴ്ച വരുത്തിയാല്‍ വിധി തീയതി മുതല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധിയില്‍ പറയുന്നു.