vv

ജനീവ: തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് സ്വിറ്റ്സർലൻഡ്. യു.എസ് ആൻഡ് വേൾഡ്സ് റിപ്പോർട്ട് നടത്തിയ സർവേയിലാണ് സ്വിറ്റ്സർലൻഡ് ഒന്നാമതെത്തിയത്. ആദ്യത്തെ 25 സ്ഥാനങ്ങളിൽ മറ്റ് 15 യൂറോപ്യൻ രാജ്യങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17,000 പേരെ പങ്കെടുപ്പിച്ചു നടന്ന സർവേയിൽ അധികാരം, സാംസ്കാരിക സ്വാധീനം, ബിസിനസ്, പാരമ്പര്യം, ജീവിത നിലവാരം തുടങ്ങിയ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങൾക്ക് റാങ്ക് നൽകിയത്. ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് യു.എസ്. കാനഡ, ഓസ്ട്രേലിയ, സ്വീഡൻ, ജർമ്മനി, യു.കെ, ന്യൂസിലൻഡ്, ഡെൻമാർക്ക്, നോർവെ, ഫ്രാൻസ്, നെതർലൻഡ്സ്, സിംഗപ്പൂർ, ഇറ്റലി, ചൈന, യു.എ.ഇ, ദക്ഷിണ കൊറിയ, സ്പെയിൻ, ഫിൻലൻഡ്, ഓസ്ട്രിയ, ഐസ്‌ലൻഡ്, ബെൽജിയം, അയർലൻഡ്, ഖത്തർ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങൾ. 33 -ാം സ്ഥാനത്താണ് ഇന്ത്യ. ബെലറൂസ് ആണ് ഏറ്റവും പിന്നിൽ.