ff

കാൻസാസ് സിറ്റി: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് ഫ്ലേവറിലെ ഐസ്ക്രീം, കേക്ക്, ഡെസേർട്ട് തുടങ്ങിയവ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒരു പെട്ടിനിറയെ ചോക്ലേറ്റ് ലഭിക്കുന്നത് സ്വപ്നം കണ്ടിട്ടുള്ളവരാകാം മിക്കവരും.

അത്തരക്കാർക്കായി ഒരു ഭീമൻ ചോക്ലേറ്റ് പെട്ടിയാണ് യു.എസിലെ പ്രശസ്തമായ റസ്സൽ സ്റ്റോവർ ബ്രാൻഡ് അവതരിപ്പിച്ചത്. പക്ഷേ, ഈ പെട്ടി കടയിൽ വാങ്ങാൻ കിട്ടില്ല കേട്ടോ. ഗിന്നസ് ലോക റെക്കാഡ് തകർക്കാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ കമ്പനി നിർമ്മിച്ചതാണ് ഈ പെട്ടി.

കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡിസൈനർമാരും എൻജിനിയർമാരും കരകൗശല വിദഗ്ദ്ധരും ചേർന്ന 20 അംഗ വിദഗ്ദ്ധ ടീം 600 ലേറെ മണിക്കൂർ പരിശ്രമിച്ചാണ് ഈ ഭീമൻ ചോക്ലേറ്റ് ബോക്സ് യാഥാർത്ഥ്യമാക്കിയത്. 2008 ഏപ്രിലിൽ ലണ്ടനിൽ അവതരിപ്പിച്ച 1,690 കിലോഗ്രാം ഭാരമുള്ള ചോക്ലേറ്റ് ബോക്സിന്റെ റെക്കാഡ് ഇതോടെ പഴങ്കഥയായി.

ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് ബോക്സ് എന്ന ഗിന്നസ് റെക്കാഡ് റസ്സൽ സ്റ്റോവറിന്റെ ചോക്ലേറ്റ് ബോക്സിനാണ്. മിസോറിയിലെ കാൻസാസ് സിറ്റിയിൽ ഒരുക്കിയ ഈ ബോക്സിന് 2,547.50 കിലോഗ്രാം ഭാരമുണ്ട്. അതായത്, പൂർണ വളർച്ചയെത്തിയ ഒരു കാണ്ടാമൃഗത്തോളം ഭാരം.! 1,400 മുതൽ 2,800 കിലോഗ്രാം വരെയാണ് കാണ്ടാമൃഗങ്ങളുടെ ശരാശരി ഭാരം.

205 ഭീമൻ ചോക്ലേറ്റ് പീസുകളാണ് പെട്ടിയിൽ നിരത്തിയത്. 4.53 കിലോഗ്രാം മുതൽ 16 കിലോഗ്രാം വരെയാണ് ഈ ചോക്ലേറ്റ് പീസുകളുടെ ഭാരം. 30 അടി നീളവും 15 അടി വീതിയും 1.55 അടി ഉയരവുമുള്ള ബോക്സിൽ കാരമൽ,​ കോക്കോനട്ട് ക്ലസ്റ്റർ,​ ഫ്രൂട്ട് ആൻഡ് നട്ട് കാരമൽ,​ പീനട്ട് ക്ലസ്റ്റർ,​ പീകാൻ ഡിലൈറ്റ്, റാസ്പ്‌ബെറി ക്രീം, സ്ട്രോബെറി ക്രീം, ടോഫീ, ട്രഫിൾ എന്നിങ്ങനെ ഒമ്പത് വ്യത്യസ്ത ഫ്ലേവറുകളിലെ ചോക്ലേറ്റുകളുണ്ട്. എല്ലാം റസ്സൽ സ്റ്റോവർ അവരുടെ പ്ലാന്റുകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കിയതാണ്. ചോക്ലേറ്റിൽ പൊതിഞ്ഞ 679.5 കിലോഗ്രാം ബദാമുകളും ബോക്സിൽ ഇടംനേടിയിരുന്നു.

 ഇന്ന് അന്താരാഷ്ട്ര ചോക്ലേറ്റ് ദിനം - ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാതാക്കളിലൊന്നായ ഹെൽഷെയുടെ സ്ഥാപകൻ മിൽട്ടൺ എസ്. ഹെൽഷെയുടെ ജന്മദിനം അന്താരാഷ്ട്ര ചോക്ലേറ്റ് ദിനമായി അറിയപ്പെടുന്നു