onam-

സീസണായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഓണം ഉണ്ണാനെത്താൻ കാശ് കടം വാങ്ങേണ്ട അവസ്ഥയിലാണ് പ്രവാസികളും ഇതരസംസ്ഥാന മലയാളികളും. നാട്ടിലെത്തമെങ്കിൽ യാത്രാ നിരക്ക് സാധാരണയിൽ നിന്നും ഇരട്ടിയിൽ അധികമാണ് നൽകേണ്ടി വരുന്നത്. ഇതോടെ നാട്ടിലെത്താൻ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. പൊതുവെ യാത്രാ ദുരിതം നേരിടുന്ന മലബാറിലെ യാത്രക്കാർക്ക് ഇത്തവണയും മതിയായ യാത്രാ സംവിധാനങ്ങളുമില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. ഓണത്തിന് നാട്ടിലെത്തണമെന്ന് കരുതുന്ന പലരും ഇത്തവണ തീരുമാനം മാറ്റേണ്ട ഗതികേടിലാണെന്ന് വേണം പറയാൻ. ഇതരസംസ്ഥാനത്തു നിന്നുള്ള ട്രെയിൻ, ബസ് സർവ്വീസുകളും മലബാർ ഭാഗത്തേക്ക് കുറവാണ്. പ്രവാസികൾക്ക് വിമാന യാത്രാ നിരക്കാണെങ്കിൽ കീശ കാലിയാക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

കുത്തനെകൂട്ടി ബസ് ചാർജ്

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് നാട്ടിലെത്താൻ മതിയായ സൗകര്യമില്ലാത്ത സാഹചര്യം മുതലെടുത്ത് യാത്രാക്കൂലി ഇരട്ടിയാക്കിയാണ് സ്വകാര്യ ബസുകളുടെ കൊള്ള. ബംഗളൂരു കണ്ണൂർ ടിക്കറ്റ് നിരക്ക് 800 മുതൽ ആയിരം രൂപവരെയുള്ള തുക ഒറ്റയടിക്ക് ഇരട്ടിയാക്കിയാണ് ബുക്കിംഗ്. സ്ളീപ്പർ ബസുകളിലും ടിക്കറ്റ് നിരക്ക് ഇരട്ടിയോളമായിട്ടുണ്ട്. ബംഗ്ളൂരിലേക്ക് കണ്ണൂരിൽ നിന്ന് 1200 രൂപയായിരുന്നു സ്ളീപ്പർ ബസ് ചാർജ്. വടക്കൻ ജില്ലകളിൽ നിന്ന് ധാരാളം മലയാളികളുള്ള ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ നിന്നുള്ള യാത്രയ്ക്ക് ആകെ രണ്ട് ട്രെയിനുകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് നിലവിലുള്ളത്. ഇതു കാരണം സ്വകാര്യ ബസുകളെ ആശ്രയിക്കാതെ നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്.

തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയോളമായി നിരക്ക് വർദ്ധിപ്പിക്കുന്നതാണ് സ്വകാര്യബസുകളുടെ രീതി. ബംഗളൂരുവിൽനിന്ന് മദ്ധ്യകേരളത്തിലേക്ക് സ്വകാര്യ ബസുകളേക്കാൾ തുക കെ.എസ്.ആർ.ടി.സി ഈടാക്കുന്നതായും ആക്ഷേപവും ഒരു ഭാഗത്തുണ്ട്. ഓണത്തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിനുകളും കെ.എസ്.ആർ.ടി.സി ബസും അനുവദക്കണമെന്ന ആവശ്യം ഇതുവരെയായി പരിഗണിക്കപ്പെട്ടിട്ടില്ല.നിലവിൽ ഉത്സവ, അവധി ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റിനും പിടിവലിയാണ്.സാധാരണ ദിവസങ്ങളിൽ ബംഗളൂരൂ കണ്ണൂർ റൂട്ടുകളിൽ നോൺ എ.സി ബസിൽ 650 രൂപ മുതലും സെമി സ്ലീപ്പറിൽ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കെങ്കിൽ ഇതിൽ 1200ന് മുകളിൽ കടന്നു.

ഓണത്തലേന്ന് നോൺ എ.സിയിൽ 2000 രൂപ നിരക്കാണ് പല സ്വകാര്യ ബസുകളും ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളിലെ ടിക്കറ്റ് നിരക്ക് 4,000മുതൽ 5,000 രൂപ വരെയായി ഉയർന്നു. നിലവിൽ ഓണത്തിന്റെ തലേദിവസമായ 13ന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണത്തിനോടനുബന്ധിച്ച് കേരള ആർ.ടി.സി 58 സ്‌പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചെങ്കിലും ഓണത്തലേന്നുള്ള രാത്രി സർവിസുകളിലെ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു.

കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ്

ഓണത്തിന് നാട്ടിലെത്താനിരിക്കുന്ന പ്രവാസികൾക്കും ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കെത്താൻ വലിയ തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. കഴിഞ്ഞ മാസം 15ന് ശേഷം അഞ്ചിരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സാധാരണ 12,000 രൂപ മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. പ്രവാസികളോടുള്ള വിമാന കമ്പനികൾ സ്വീകരിക്കുന്ന കൊള്ള പല തവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി. ഈ ആഴ്ച ബംഗളൂരിൽ നിന്നും കണ്ണൂരിലെത്താനുള്ള ഇൻഡിഗോ വിമാന നിരക്ക് 5300 മുതൽ 8250 രൂപ വരെയാണ് നിലവിലെ നിരക്ക്.

ട്രെയിനിലും രക്ഷയില്ല

ചെന്നൈ, ബാംഗ്ലൂർ, മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. ഇതേ നഗരങ്ങളിലേക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് സെപ്തംബർ 16നും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. തിരുവനന്തപുരത്ത് നിന്നു വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിലും അതേപോലെ തിരിച്ചും ടിക്കറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളെല്ലാം സ്പെഷ്യൽ ഫെയർ എക്സപ്രസ് ആയതിനാൽ ഇരട്ടി നിരക്ക് അവിടെയും നൽകണം.

കണ്ണൂർ ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റ് തന്നെ നൂറിന് മുകളിലാണ്. ഓണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ഇത് ഇരുന്നൂറിനടുത്തും. ജനറൽ ടിക്കറ്റെടുത്ത് വരാമെന്ന് കരുതിയാൽ രണ്ടും മൂന്നും കമ്പാർട്ടുമെന്റുകൾ മാത്രമാണ് ഉള്ളത്. ഇതിൽ തന്നെ ലഗേജുമായി കയറുന്ന യാത്രക്കാർക്ക് കാലുകുത്താനുള്ള ഇടപോലും കാണില്ല. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ മംഗളൂരു എക്സ്പ്രസിലും ടിക്കറ്റ് ലഭിക്കാനില്ല.

ആവശ്യം പരിഗണിക്കാതെ റെയിൽവെയും സർക്കാരും

എല്ലാ വർഷവും ഓണം സീസണിൽ യാത്രാപ്രശ്നം ചർച്ചയാകുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പരിഹാരങ്ങളൊന്നുമുണ്ടാകുന്നില്ല. ഇതാണ് അന്തർ സംസ്ഥാന ബസുടമകൾ മുതലെടുക്കുന്നതും. ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്ന രീതിയാണ് റെയിൽവേ എപ്പോഴും സ്വീകരിക്കുന്നത്. ഇത് മാറ്റണമെന്ന് നിരന്തരം യാത്രക്കാർ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായിട്ടില്ല.

വൈകി പ്രഖ്യാപിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്രക്കാർക്ക് പൊതുവെ സഹായകരമാകില്ല. കൊവിഡിന് മുമ്പുണ്ടായിരുന്ന ആലപ്പുഴ ധൻബാദ് എക്സ്പ്രസ്, ന്യൂഡൽഹി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ തുടങ്ങി മിക്ക ദീർഘദൂര ട്രെയിനുകളും കോച്ചുകൾ എൽ.എച്ച്.ബിയിലേക്ക് മാറ്റിയതോടെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ കൊള്ളനിരക്ക് നിയന്ത്രിക്കാൻ നിയമനിർമാണം ഉൾപ്പെടെ നടത്തുമെന്ന് കേരള, കർണാടക സർക്കാരുകൾ പല തവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.