
ചെന്നൈ : ബംഗ്ളാദേശിന് എതിരെ ഈ മാസം 19ന് തുടങ്ങുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ചെന്നൈയിൽ പരിശീലനം തുടങ്ങി. പല സംഘങ്ങളായാണ് ടീം ചെന്നൈയിലെത്തിയത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയവരാണ് ആദ്യമെത്തിയത്. ഇന്നലെയാണ് രോഹിതും വിരാട് കൊഹ്‌ലിയുമെത്തിയത്. രോഹിത് ലണ്ടനിലെ വിശ്രമം കഴിഞ്ഞാണെത്തിയത്.
ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഇതിന് ശേഷം ബംഗ്ളാദേശുമായി മൂന്ന് ട്വന്റി-20കളുടെ പരമ്പരയുമുണ്ട്. ഗംഭീറിന് കീഴിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ പരമ്പര കൈവിട്ടിരുന്നു. അതിനാൽ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യംവെയ്ക്കുന്നില്ല.
പാകിസ്ഥാനെ അവരുടെ മണ്ണിൽ ചെന്ന് രണ്ട് ടെസ്റ്റുകളിലും തോൽപ്പിച്ച് പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ബംഗ്ളാദേശ് ഇന്തളയിലേക്ക് വരുന്നത്.
ഷാന്റോ നയിക്കും
ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകൾക്കുള്ള പതിനാറംഗ ബംഗ്ലാദേശ് ടീമിനെ നജ്മുൽ ഹൊസൈൻ ഷാന്റോ നയിക്കും പാകിസ്ഥാനെതിരേ മികച്ച പ്രകടനം നടത്തിയ ഷെരീഫുൽ ഇസ്ലാം പരിക്ക് കാരണം ടീമിലില്ല.
ടീം : നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്ടൻ), മഹ്‌മുദുൽ ഹസൻ ജോയ്, സാകിർ ഹസൻ, ഷദ്മാൻ ഇസ്ലാം, മൊമിനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻന്‍, ലിട്ടൺ ദാസ്, മെഹ്ദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, നയീം ഹസൻ, നഹിദ് റാണ, ഹസൻ മഹ്‌മൂദ്, ടാസ്‌കിൻ അഹമദ്, സയിദ് ഖലീൽ അഹമദ്, ജാക്കർ അലി അനിക്.