ksl

തിരുവനന്തപുരം കൊമ്പൻസും തൃശൂർ മാജിക് എഫ്.സിയും തമ്മിലുള്ള സൂപ്പർ ലീഗ് കേരള മത്സരം തിങ്കളാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : തലസ്ഥാന നഗരിയുട‌െ ഫുട്ബാൾ സ്വപ്നങ്ങൾക്ക് പതിറ്റാണ്ടുകളായി ചിറകുനൽകിയ പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇനി സൂപ്പർ ലീഗ് കേരളയുടെ അലയൊലികളുയരും. തിരുവോണപ്പിറ്റേന്ന് തിങ്കളാഴ്ചയാണ് തലസ്ഥാനത്തെ ഹോം ടീമായ തിരുവനന്തപുരം കൊമ്പൻസും തൃശൂർ മാജിക് സിറ്റി എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരിതെളിയുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

സൂപ്പർ ലീഗിനായി അറ്റകുറ്റപ്പണികൾ കഴിഞ്ഞ് പുതുമോടിയിലാണ് സ്റ്റേഡിയം. 1956 ൽ സ്ഥാപിക്കുകയും 2015 ലെ കേരള ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആധുനികവത്കരിക്കുകയും ചെയ്ത ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം അതിന് ശേഷം ഇപ്പോഴാണ് വീണ്ടും പുതുക്കിയത്.കളിക്കളത്തിൽ പുതിയ പുല്ലുവിരിക്കുന്ന ജോലികൾ അടുത്തിടെയാണ് പൂർത്തിയായത്. ഏറ്റവും മുന്തിയ എൽ.ഇ.ഡി ഫ്‌ളഡ്‌ലൈറ്റുകളാണ് രാത്രി മത്സരത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ലീഗിന് വേണ്ടി ഡ്രസ്സിംഗ് റൂമുകൾ നവീകരിച്ചു.താൽക്കാലിക ക്ലബ്ഹൗസുകൾ, വി.വി.ഐ.പി, വി.ഐ.പി ലോഞ്ചുകൾ, മാധ്യമങ്ങൾക്കുവേണ്ടിയുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തി.

തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ ലോഞ്ച് പ്രോഗ്രാം ഇന്ന് 14ന് വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.ഗായിക കെ.എസ് ചിത്രയാണ് മുഖ്യാതിഥി. തുടർന്ന് ആൽമരം ബാൻഡിന്റെ ലൈവ് പെർഫോർമൻസ്.