lays

പൊട്ടറ്റോ ചിപ്‌സ് എന്നാല്‍ അത് ലെയ്‌സ് ആണ്. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പാര്‍ളെ ബ്രാന്‍ഡിന്റെ ഈ ഉത്പന്നം. സ്വാദിനേക്കാള്‍ ലെയ്‌സ് അറിയപ്പെടുന്നത് പാക്കറ്റിനുള്ളിലെ സാധനത്തിന്റെ അളവിലെ കുറവ് കൊണ്ടാണ്. കാലങ്ങളായി ലെയ്‌സിനെ കുറിച്ചുള്ള ഈ പരാതി വ്യാപകവുമാണ്. നിരവധി മുതിര്‍ന്നവര്‍ ഈ ഉത്പന്നം വാങ്ങുന്നത് ഒഴിവാക്കിയെങ്കിലും കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി വാങ്ങിക്കൊടുക്കാറുണ്ട്.

'ഒരു പാക്കറ്റ് വായു വാങ്ങിയപ്പോള്‍ അതില്‍ രണ്ട് ചിപ്‌സിന്റെ കഷ്ണം ലഭിച്ചു'. തൂക്കക്കുറവ് കൊണ്ട് 'പ്രശസ്തമായ' കമ്പനിക്കെതിരെ കാലങ്ങളായി ഉയരുന്ന ട്രോളുകളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ ലെയ്‌സിന്റെ ഈ കൊള്ളയ്‌ക്കെതിരെ ആന്റണി സേവിയര്‍ എന്ന വ്യക്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പൊട്ടിക്കാത്ത ഒരു പാക്കറ്റ് ലെയ്‌സ് എടുത്ത് മുറിച്ച ശേഷം അതിനുള്ളില്‍ നിന്ന് വെറും രണ്ട് കഷ്ണം ചിപ്‌സ് മാത്രം ലഭിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഒരിക്കലും കുട്ടികള്‍ക്ക് ഈ സാധനം വാങ്ങി കൊടുക്കരുതെന്നും അഞ്ച് രൂപ കൊടുത്ത് വാങ്ങിയ പാക്കറ്റില്‍ രണ്ട് കഷ്ണമല്ലാതെ മൂന്നാമതൊരു കഷ്ണം കാണാന്‍ കഴിയില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഒരു കഷ്ണവും കുറച്ച് പൊടിയും മാത്രം കിട്ടിയ അനുഭവം വരെയുണ്ടെന്നാണ് നിരവധിപേരുടെ അനുഭവം. ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത് നിരവധിപേരാണെന്നും അധികാരികളുടെ മുന്നില്‍ എത്തുന്നത് വരെ എല്ലാവരും തന്റെ വീഡിയോ ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

നിരവധിപേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്. ഇത് ഒരു പുതിയ കാര്യമല്ലെന്നും കാലങ്ങളായി സംഭവിക്കുന്നതാണെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അധികാരികള്‍ വേണം ഇതിനെതിരെ നടപടി സ്വീകരിക്കാനെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, ചേട്ടന് രണ്ട് പീസ് കിട്ടിയില്ലേ എനിക്ക് ഒരെണ്ണമാണ് കിട്ടിയത് എന്ന കമന്റും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.