onam-sadhya

ബംഗളൂരു: ഓണം എന്ന് പറഞ്ഞാൽ ആദ്യം മലയാളികളുടെ മനസിൽ ഓടി വരുന്നത് പൂക്കളവും ഓണസദ്യയും മാവേലിയുമെല്ലാമാണ്. അതിൽ എടുത്ത് പറയേണ്ട ഒന്നാണ് ഓണസദ്യ. നല്ല തുമ്പപ്പൂ ചോറ് ഇലയിൽ വച്ച് ചുറ്റും കറികളുമായി നല്ല കിടിലൻ സദ്യ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. എന്നാൽ ഓണസദ്യയിൽ ചോറിന് പകരം ചപ്പാത്തിയായല്ലോ?.

അത്തരം ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പ്രശസ്ത ബംഗളൂരുവിലുള്ള ഇലക്ട്രിക് ടു വീലർ വാഹന നിർമാതാക്കളായ ഏതർ എനർജിയുടെ ബംഗളൂരുവിലെ ഓഫീസിൽ ഒരുക്കിയ ഓണാഘോഷത്തിനിടെയാണ് സംഭവം നടക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇലയിൽ കറികൾക്കൊപ്പം ചപ്പാത്തി വിളമ്പിയിരിക്കുന്നത് കാണാം.

കമ്പനിയുടെ സഹ സ്ഥാപകനായ തരുൺ മെഹ്തയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇലകളിലും ഉപ്പേരിയും അവിയലും മറ്റ് കറികളും വച്ചിട്ടുണ്ട്. എന്നാൽ ചോറ് അതിലില്ല പകരം ചപ്പാത്തിയാണ് ഉള്ളത്. ചിത്രത്തിന് നിരവധി കമന്റും വരുന്നുണ്ട്. 'ഇത് എന്ത് ഓണസദ്യ', 'ഇതിനെ ഓണസദ്യയായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല', 'ഇതാണോ നോർത്ത് ഇന്ത്യൻ ഓണസദ്യ', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

സംഭവം വെെറലായതിന് പിന്നാലെ കമ്പനി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായ ചിത്രങ്ങൾ കണ്ടിരുന്നു. ചപ്പാത്തി മാത്രമല്ല അന്ന് അവിടെ ചോറും സാമ്പാറുമെല്ലാം വിളമ്പിയിരുന്നു. ഇത് ചോറ് വിളമ്പുന്നതിന് മുൻപ് എടുത്ത ചിത്രമാണെന്നും കമ്പനി വ്യക്തമാക്കി.

Official announcement regarding this incident.

cc: @tarunsmehta @swapniljain89 pic.twitter.com/8d9HP3UUUr

— Ather Energy (@atherenergy) September 13, 2024