
വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയ മകൻ വനിതാ ഡോക്ടറെ അസഭ്യം വിളിച്ചതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതി. സംഭവത്തിൽ ചെമ്മരുതി ചാവടിമുക്ക് സമീറ മൻസിലിൽ മുനീർ (25)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകാത്തതിന്റെ കാരണം അന്വേഷിക്കാനെത്തിയ മുനീർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി. വിദഗ്ദ്ധ പരിശോധനകൾ അമ്മയ്ക്ക് വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചതോടെ പ്രതി അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെ ഭയന്ന ഡോക്ടർ സെക്യൂരിറ്റിയെ സഹായത്തിനു വിളിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പൊലീസ് ആശുപത്രിയിലെത്തി ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായും കൊലപാതക ശ്രമം ഉൾപ്പെടെ അയിരൂർ സ്റ്റേഷനിലെ നിരവധി കേസിലെ പ്രതിയാണ് മുനീറെന്ന് വർക്കല പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.