
പവന്‍ വില 960 രൂപ ഉയര്‍ന്ന് 54,600 രൂപയിലെത്തി.
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പുണ്ടായി. യൂറോപ്പിലെ കേന്ദ്ര ബാങ്കായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചതും അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപംകൂട്ടുന്നത്. ഇന്നലെ കേരളത്തില്‍ പവന്‍ വില 960 രൂപ വര്‍ദ്ധിച്ച് 54,600 രൂപയിലെത്തി. ഗ്രാമിന്റെ വില 120 രൂപ ഉയര്‍ന്ന് 6,825 രൂപയിലെത്തി. ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 2,570 ഡോളറായി ഉയര്‍ന്നിരുന്നു. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില നിലവില്‍ 75 ലക്ഷം രൂപയാണ്.
ഉപഭോക്താക്കള്‍ വലയുന്നു
കല്യാണ സീസണും ഉത്സവകാലവും പുരോഗമിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ വന്‍കുതിപ്പ് ഉപഭോക്താക്കളെ വലയ്ക്കുകയാണ്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 2,063 ഡോളറായിരുന്നു. ഇതുവരെ 507 ഡോളറിന്റെ വര്‍ദ്ധനയാണ് നേടിയത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് ഗ്രാമിന്റെ വില 5855 രൂപയില്‍ നിന്ന് 970 രൂപയുടെ വര്‍ദ്ധനയോടെ 6,825 രൂപയിലെത്തി. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് ഇന്ത്യയിലെ സ്വര്‍ണ വില റെക്കാഡിന് താഴെ തുടരാന്‍ കാരണം. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 59,000 രൂപയിലധികം ചെലവഴിക്കണം.
ഈ വര്‍ഷം സ്വര്‍ണ വിലയിലെ മാറ്റം
ആഗോള വിലയിലെ വര്‍ദ്ധന 507 ഡോളര്‍
ആഭ്യന്തര വിപണിയില്‍ ഗ്രാം വിലയിലെ വര്‍ദ്ധന 970 രൂപ
വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കുന്നുണ്ടെങ്കിലും വാങ്ങല്‍ താത്പര്യം ശക്തമാണ്.
അഡ്വ. എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ എ.കെ.ജി.എസ്.എം.എ