
ചെന്നൈ: പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുന്നു. 2021-22 കാലഘട്ടത്തിലാണ് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയത്. ഇന്ത്യയിലെ വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയത്. തമിഴ്‌നാട്ടില്‍ ഫോര്‍ഡ് കയറ്റുമതിക്കായി ഒരു പ്ലാന്റ് പുനരാരംഭിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുകായണെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്.
കയറ്റുമതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് പ്ലാന്റ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കമ്പനി അധികൃതര്‍ ചര്‍ച്ചയും നടത്തിയിരുന്നു. സ്റ്റാലിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന് കമ്പനി കത്ത് അയച്ചു. ഈ വിവരം ഫോര്‍ഡ് തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.
2021ല്‍ ഇന്ത്യയില്‍ ആഭ്യന്തര വില്‍പ്പനയ്ക്കായി ഫോര്‍ഡ് കാറുകള്‍ നിര്‍മ്മിക്കുന്നതാണ് ആദ്യം നിര്‍ത്തിയത്. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ 2022ല്‍ കയറ്റുമതി രംഗത്ത് നിന്നും പിന്‍വാങ്ങി. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉല്‍പ്പാദന പ്ലാന്റ് പുനരാരംഭിക്കാനാണ് പദ്ധതി. ഈ പ്ലാന്റില്‍ ഫോര്‍ഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകളുമായി ഫോര്‍ഡ് തിരികെയെത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. എക്കോ സ്‌പോര്‍ട്, ഫ്രീ സ്റ്റൈല്‍, ഫിഗോ, ഫിഗോ അസ്പയര്‍ തുടങ്ങിയ മോഡല്‍ കാറുകള്‍ ഇന്ത്യയില്‍ തെറ്റില്ലാത്ത വില്‍പ്പന നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ എക്കോ സ്‌പോര്‍ട്ടിന് വലിയ ഡിമാന്‍ഡ് തന്നെ ഉണ്ടായിരുന്നു ഇന്ത്യന്‍ വിപണിയില്‍.