
ലോകത്താകമാനം ലക്ഷക്കണക്കിന് പേരാണ് ദിവസേന വിമാനയാത്ര നടത്തുന്നത്. തൊഴിൽ, ബിസിനസ്‌പരമായും വിനോദയാത്രക്കായും മറ്റുമായിരിക്കും കൂടുതൽപ്പേരും വിമാനയാത്ര നടത്തുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിതമായ യാത്ര നൽകുന്ന സംവിധാനമാണ് വിമാനയാത്ര. എന്നാൽ വിമാനയാത്ര നടത്തുന്ന 90 ശതമാനം പേരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ടാവും. ഏത് വശത്തുനിന്നാണ് വിമാനത്തിൽ കയറുന്നതെന്നത്.
ഇത് സംബന്ധിച്ച് ടിക് ടോക്ക് താരമായ ഡോഗി ഷാർപ്പ് പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. വിമാനത്തിന്റെ ഇടതുവശത്തായാണ് സാധാരണയായി വാതിൽ കാണാറുള്ളത്. ഇത്തരത്തിൽ ഇടത് വശത്തായി വാതിൽ ഘടിപ്പിച്ചിരിക്കുന്നതിന് ഒരു കാരണവുമുണ്ട്. മനുഷ്യരാശി ബോട്ടിൽ യാത്ര ചെയ്ത കാലം മുതലുള്ള ഒരു ആചാരമാണിതെന്ന് ഷാർപ്പ് വീഡിയോയിൽ പറയുന്നു.
പണ്ടുകാലങ്ങളിൽ ചരക്കുകളും യാത്രക്കാരെയും കയറ്റുന്നതിനായി കപ്പലുകളുടെ ഇടത് വശമാണ് ഉപയോഗിച്ചിരുന്നത്. ഇത് കാര്യങ്ങൾ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യുക മാത്രമല്ല കപ്പലുകളെ തുറമുഖത്ത് നിന്ന് തുറമുഖത്തേക്ക് ലോകമെമ്പാടും സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും ശരിയായ ഉപകരണങ്ങൾ ശരിയായ ഭാഗത്ത് തന്നെ സ്ഥാപിക്കാനും സഹായിക്കുന്നുവെന്ന് ഷാർപ്പ് വീഡിയോയിൽ വിശദീകരിക്കുന്നു.
ഈ ഘടന പിന്നീട് കപ്പലിന്റെ ഇടതുവശത്തെ 'പോർട്ട് സൈഡ്' എന്ന് അറിയപ്പെടുന്നതിലേയ്ക്ക് നയിച്ചു. വലതുവശം 'സ്റ്റാർബോർഡ്' എന്ന് വിളിക്കപ്പെടാനും തുടങ്ങി. ഇത് പിന്നീട് വ്യോമയാന മേഖലയിലും തുടരുകയായിരുന്നു. ഈ ഘടന തന്നെ എയർപോർട്ടുകളിലും വിമാനങ്ങളിലും ഉപയോഗിക്കാൻ ആരംഭിച്ചു. യാത്രക്കാർ ഇടതുവശത്തുകൂടി തന്നെ കയറുന്ന രീതിയിൽ രൂപകൽപ്പന ചെയ്യുകയായിരുന്നു.
ഏവിയേഷൻ വിദഗ്ദനായ മൈക്കൽ ഓക്‌ലേയും ഇക്കാര്യം സ്ഥിരീകരിച്ചു. 'ഏവിയേഷൻ എന്നതിനപ്പുറം കപ്പലുകളുടെ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്ന നിരവധി വ്യോമയാന സമ്പ്രദായങ്ങളിൽ ഒന്നാണിത്. ഏവിയേഷൻ ടെർമിനോളജികളിൽ ഭൂരിഭാഗവും സമുദ്ര ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. ബോട്ടുകൾക്കും കപ്പലുകൾക്കും ഒരു പോർട്ട് സൈഡ് ഉള്ളതുപോലെ, വിമാനങ്ങളും ഇതേ തത്വം പിന്തുടരുന്നു'- ഓക്‌ലേ വ്യക്തമാക്കി.