
കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയ്ക്കായി നടത്തിയ സർക്കാർ ഇടപെടലുകൾ നിഷ്ഫലമായ സാഹചര്യത്തിൽ ഇന്നലെ മമത പ്രതിഷേധക്കാർക്ക് അരികിലെത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള അവസാനശ്രമമായാണ് താൻ എത്തിയതെന്നും ജോലിയിൽ പ്രവേശിക്കാൻ അഭ്യർത്ഥിക്കുന്നതായും മമത പറഞ്ഞു. പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുന്നതിനിടയിലും മമത സംസാരിച്ചു. ' ദയവായി ഞാൻ പറയുന്നത് അഞ്ച് മിനിട്ട് കേൾക്കൂ. പ്രതിഷേധിക്കുന്നത് നിങ്ങളുടെ അവകാശമാണ്. ഞാൻ ദിവസങ്ങളായി കാത്തിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം കേൾക്കാതെ ഇന്ന് നിങ്ങളുടെ അടുത്തെത്തി.നിങ്ങൾ അനുഭവിക്കുന്ന വിഷമം മനസ്സിലാകും. എന്റെ സ്ഥാനത്തിൽ ആശങ്കയില്ല. രാത്രി മഴ നനഞ്ഞും നിങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നു. കഴിഞ്ഞ കുറച്ചു രാത്രികളായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല'- മമത പറഞ്ഞു.
മുഖ്യമന്ത്രിയല്ല, സഹോദരി
നിങ്ങളുടെ ആവശ്യങ്ങൾ ഞാൻ പഠിക്കും. ഞാൻ ഒറ്റയ്ക്കല്ല സർക്കാരിനെ നിയന്ത്രിക്കുന്നത്. മുതിർന്ന ഓഫീസർമാരുമായി ആലോചിച്ച ശേഷം പരിഹാരം കാണും. കുറ്റവാളി ആരായാലും ഉറപ്പായും അവർ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നൽകണം. നിങ്ങൾ ജോലിയിൽ പ്രവേശിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെങ്കിൽ ഞാൻ പരാതികൾ പരിശോധിക്കും. കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ് നിങ്ങൾ അനുഭവിക്കുന്നത് കാണാൻ വയ്യ. മുഖ്യമന്ത്രി ആയിട്ടല്ല ഒരു സഹോദരിയായാണ്, നിങ്ങളോട് അഭ്യർത്ഥിക്കുന്നതെന്നും മമത പറഞ്ഞു.
സർക്കാർ പലതവണ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമത എത്തിയത്.
ആവർത്തിച്ച് ഡോക്ടർമാർ
മമതയുടെ വാക്കുകൾ സ്വീകരിച്ചെങ്കിലും ചർച്ചയുടെ തത്സമയ സംപ്രേഷണം ഉൾപ്പെടെ ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുറഞ്ഞത് 30 പേരടങ്ങുന്ന പ്രതിനിധി സംഘത്തെ അനുവദിക്കണം എന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു.
തെളിവു നിശിപ്പിക്കാൻ ശ്രമിച്ചതിന്
മുൻപ്രിൻസിപ്പലും പൊലീസ്
ഓഫീസറും അറസ്റ്റിൽ
ഡോക്ടർ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും പൊലീസ് ഓഫീസറെയും
സി.ബി.ഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. താല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിജിത് മോണ്ടോലാണ് അറസ്റ്റിലായ പൊലീസ് ഓഫീസർ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് അറസ്റ്റ്. സന്ദീപ് ഘോഷും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാരെ സമരപ്പന്തലിലെത്തി സന്ദർശിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് നടപടി. മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇതിനിടെയാണ് തെളിവ് നശിപ്പിക്കലിനും അറസ്റ്റ് ചെയ്തത്.
.