onam

ഓണമെന്നാൽ മലയാളിക്ക് ഒരുമയും ഓർമ്മയുമാണ്. ഓണത്തെ പോലെ ഇത്രയും ജനകീയമായും ആഘോഷപൂർണ്ണമായും കേരളീയർ ആഘോഷിക്കുന്ന മറ്റൊരു ആഘോഷമില്ല. ആബാലവൃദ്ധം ജനങ്ങൾക്കും ഓണം ഒരു ആവേശമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ ഓണഘോഷങ്ങളെന്നും ഗംഭീരമാക്കാറുണ്ട് മലയാളികൾ.

ഓണത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം ഏറെക്കുറെ സമാനമായ രീതിയിലാണെങ്കിലും പ്രദേശികമായ ചില രൂപഭാവ വ്യത്യാസങ്ങൾ ആഘോഷങ്ങളിലും ആചാരങ്ങളിലും കണ്ടുവരുന്നുണ്ട്. വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഓണാഘോഷങ്ങളിലും ആചാരങ്ങളിലും രുചിക്കൂട്ടുകളിലും കുറച്ച് പ്രദേശികത കൂടി കലരാറുണ്ട് എന്നതാണ് വാസ്തവം. പ്രദേശികമായ ഈ വ്യതിയാനങ്ങൾ ഓരോയിടത്തും ഓണത്തിന്റെ പൊലിമ കൂട്ടുന്നു എന്നുകൂടി പറയാതെ വയ്യ. അത്തരം പ്രദേശികമായ ചില രസക്കൂട്ടുകളിലേക്ക് ഒരു എത്തിനോട്ടം.

ഓണപ്പൊട്ടൻ
വടക്കേ മലബാറിലെ (കോഴിക്കോട്, കണ്ണൂർ ) പ്രസിദ്ധമായ ഒരു തെയ്യരൂപമാണ് ഓണപ്പൊട്ടൻ. വായ തുറക്കാതെയുള്ള ഈ തെയ്യം ഓണേശ്വരൻ എന്നും അറിയപ്പെടുന്നു. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് വീടുകൾ തോറും കയറിയിറങ്ങുന്ന ഈ തെയ്യം ഐശ്വര്യവുമായെത്തുന്നു എന്നാണ് വിശ്വാസം. മലയ സമുദായത്തിൽപ്പെട്ട ആളുകളാണ് ഓണപ്പൊട്ടൻ കെട്ടുന്നത്. മഹാബലിയുടെ രൂപമാണ് ഓണപ്പൊട്ടൻ എന്ന് വിശ്വസിക്കപ്പെടുന്നു. കൈതനാര് കൊണ്ടുള്ള മുടി, കുരുത്തോല കൊണ്ടുള്ള കുട, കിരീടം, കൈവള ഇതെല്ലാം ഓണപ്പൊട്ടന്റെ വേഷവിധാനങ്ങളാണ്. വായില്ലാത്ത ഈ തെയ്യം മണി കിലുക്കിയാണ് തന്റെ വരവറിയിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹരമാണ് ഓണപ്പൊട്ടൻ.

പുലികളി
ഓണക്കാലത്തെ ഒരു പ്രധാന കലാരൂപമാണ് പുലികളി അല്ലെങ്കിൽ കടുവകളി. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരാണ് പുലികളിയ്ക്ക് പ്രശസ്തമായിടം. കടുവയുടെ രൂപത്തെ അനുസ്മരിപ്പിക്കും വിധം ചായക്കൂട്ടുകളും മുഖം മൂടികളും കൊണ്ട് വേഷം കെട്ടുന്ന ഇവർ വാദ്യമേളങ്ങൾക്കൊപ്പം നൃത്തം വച്ചുകൊണ്ട് നഗരം ചുറ്റാനിറങ്ങുമ്പോൾ ജനങ്ങളും ആവേശത്തിമിർപ്പിൽ അവർക്കൊപ്പം ഓണം ആഘോഷമാക്കുന്നു. തൃശൂർ കൂടാതെ തിരുവനന്തപുരത്തും കൊല്ലത്തും പുലികളി അരങ്ങേറാറുണ്ട്. ഏതൊരു സാധാരണക്കാരനും ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദകലയാണ് പുലികളി.

വള്ളംകളി
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ, ഒട്ടേറെ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ജലോത്സവമാണ് വള്ളംകളി. ഓണക്കാലത്താണ് വള്ളംകളിയും നടത്തപ്പെടുന്നത്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നിവിടങ്ങളിലാണ് വള്ളംകളി വളരെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്. പരമ്പരാഗതമായ പല വള്ളങ്ങളും വള്ളംകളിയ്ക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ചുണ്ടൻവള്ളങ്ങളാണ് അതിൽ പ്രധാനം. രാജഭരണകാലത്ത് തന്നെ ജലഗതാഗതമാർഗങ്ങൾ ഉപയോഗിച്ചുവന്നിരുന്ന കേരളത്തിന്റെ ജലോത്സവങ്ങൾ അത്യന്തം ആവേശകരവും ആസ്വാദ്യകരവുമാണ്. കേരളസംസ്കാരത്തിന്റെ പ്രൗഡഗംഭീരമായ ഭാഗമാണ് ഈ വള്ളംകളികൾ.

തൃക്കാക്കരയിലെ ഓണാഘോഷം
ഓണത്തിന്റെ ഐതിഹ്യത്തോട് ഏറ്റവും ചേർന്നുകിടക്കുന്ന ആഘോഷങ്ങൾ നടക്കുന്നിടമാണ് തൃക്കാക്കര. വാമനപാദം പതിഞ്ഞിടം 'തൃക്കാൽക്കര' എന്നും പിന്നീട് തൃക്കാക്കര എന്നും അറിയപ്പെട്ടു. തൃക്കാക്കരയിലെ വാമനമൂർത്തി ക്ഷേത്രത്തിൽ വാമനനും ശിവനുമാണ് പ്രതിഷ്ഠകൾ. വാമനപ്രതിഷ്ഠ നടത്തിയത് കപിലമഹർഷിയാണെന്നാണ് വിശ്വാസം. വാമനനെയും ശിവഭക്തനായിരുന്ന മഹാബലിയേയും ഒരുപോലെ ആരാധിക്കുന്ന ഇവിടുത്തെ ആഘോഷങ്ങൾ ഓണത്തിന് ഭക്തിയുടെ പരിവേഷം കൂടി നൽകുന്നുണ്ട്. കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെയായിരുന്നു ആദ്യകാലത്തു തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവം. പിന്നീട് അത് ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങി തിരുവോണം നാളിൽ കൊടിയിറങ്ങുന്ന തിരുവോണ മഹോത്സവമായി മാറി. തിരുവോണനാളിലെ ഓണസദ്യയിൽ ജാതിമതഭേദമില്ലാതെ കേരളത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന ആളുകൾ പങ്കെടുക്കാറുണ്ട്. ഓണാഘോഷങ്ങളുടെ ഉത്ഭവസ്ഥാനം തൃക്കാക്കരയാണെന്ന് തന്നെ പറയാം.

അത്തച്ചമയം
ചിങ്ങമാസത്തിലെ അത്തം നാളിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് അത്തച്ചമയം നടത്തപ്പെടുന്നത്. പണ്ട് അത്തം നാളിൽ കൊച്ചിരാജാവ് സർവ്വസൈന്യങ്ങളോടും കൂടി സർവ്വാഭരണവിഭൂഷിതനായി തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ വന്നെത്തിയിരുന്നതാണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ന് നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന കേരളത്തിലെ ഒരു സാംസ്‌കാരിക സംഗമവും ഘോഷയാത്രയുമാണ് അത്തച്ചമയം. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ് അത്തച്ചമയം ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. കേരളത്തിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ നാടൻകലാരൂപങ്ങളുടെയും സമ്മേളനമാണ് അത്തച്ചമയം ഘോഷയാത്ര. ഗജവീരന്മാരും വാദ്യഘോഷങ്ങളും കലാരൂപങ്ങളും ഒത്തുചേരുന്ന അത്തച്ചമയം ഘോഷയാത്ര തന്നെയാവും ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ജനകീയമായ ഓണാഘോഷം.

തൃക്കാക്കരപ്പനെ വയ്ക്കുക (മാതേർ വയ്ക്കുക )
ഓണത്തപ്പനെ വരവേൽക്കാൻ പൂക്കളം ഒരുക്കുന്നത് പോലെത്തന്നെ തൃക്കാക്കരപ്പനെ വയ്ക്കുക അല്ലെങ്കിൽ മാതേര് വയ്ക്കുക എന്നൊരു ചടങ്ങുകൂടി മധ്യകേരളത്തിൽ നിലനിന്നുപോരുന്നു. മണ്ണ് കുഴച്ചുണ്ടാക്കി പിരമിഡിന്റെ ആകൃതിയിൽ രൂപമുണ്ടാക്കി പ്രതിഷ്ഠിക്കുന്നതിനെയാണ് മാതേര് വയ്ക്കുക എന്ന് പറയുന്നത്. പണ്ട് തൃക്കാക്കരയിൽ ഓണാഘോഷത്തിന് എത്താൻ കഴിയാത്തവർ വീടുകളിൽ തൃക്കാക്കരപ്പനെ വച്ചു പൂജിക്കണമെന്ന് രാജാവായിരുന്ന പെരുമാൾ കൽപ്പന പുറപ്പെടുവിച്ചുവെന്നും അങ്ങനെ തൃക്കാക്കരപ്പനെ പൂജിയ്ക്കുന്നത് ഓണത്തിന്റെ ഒരു പ്രധാന ചടങ്ങായി മാറിയെന്നും വിശ്വസിക്കപ്പെടുന്നു. മണ്ണ് കുഴച്ചു ഉണക്കിയെടുക്കുന്ന തൃക്കാക്കരപ്പനെ ഉത്രാടം നാളിലാണ് കുടിവയ്ക്കുന്നത്. അഞ്ച് തൃക്കാക്കരയപ്പന്മാരെയാണ് സാധാരണ പ്രതിഷ്ഠിച്ചു പൂജ ചെയ്യുന്നത്. അരിമാവ് കൊണ്ട് അണിഞ്ഞ്, കൃഷ്ണകിരീടം, ചെണ്ടുമല്ലി, ചെമ്പരത്തി, തുമ്പ എന്നിവ കൊണ്ട് അലങ്കരിക്കുന്നു. ചിലയിടങ്ങളിൽ തിരുവോണനാളിൽ മഹാബലിയേയും കുടിവെയ്ക്കാറുണ്ട്. അമ്മി, ആട്ടുകല്ല്, മുത്തശ്ശിയമ്മ, കുട്ടിപട്ടര് എന്നീ അനുചരന്മാരോടൊത്താണ് മഹാബലിയെ പ്രതിഷ്ഠിക്കുന്നത്.

തൃക്കാക്കരപ്പന് നേദിയ്ക്കാൻ ശർക്കര, പഴം, നാളികേരം എന്നിവ ചേർത്ത് പ്രത്യേകം അടയുണ്ടാക്കുന്നു. ചിലയിടങ്ങളിൽ പൂവടയും നേദിയ്ക്കാറുണ്ട്. തൃക്കാക്കരപ്പന് നേദിയ്ക്കാൻ ഉണ്ടാക്കുന്ന അട മദ്ധ്യകേരളത്തിലെ ഒരു പ്രധാന ഓണവിഭവം കൂടിയാണ്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരപ്പനെ പൂജിയ്ക്കുന്നത്. രാവിലെയും വൈകുന്നേരവും ചിലയിടങ്ങളിൽ മൂന്നു നേരവും പൂജ നടത്തുന്നു. ഓണത്തിന്റെ ഐതിഹ്യവുമായി ഇഴചേർന്നു കിടക്കുന്ന മാതേര് വയ്ക്കൽ പലർക്കും ഗൃഹാതുരമായ ഒരു ഓർമ്മ കൂടിയായിരിക്കും.

ഓണവില്ല് സമർപ്പണം
ഓണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലെ ഒരു പ്രധാന അനുഷ്ഠാനമാണ് പത്മനാഭസ്വാമിയ്ക്ക് ഓണവില്ല് സമർപ്പണം. ഏറെ പഴക്കമുള്ളതാണ് ഈ ആചാരം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശില്പികളുടെ പിന്മുറക്കാരാണ് തിരുവോണ ദിവസം ഓണവില്ല് ശ്രീപത്മനാഭന് സമർപ്പിക്കുന്നത്. നാട് കാണാനെത്തുന്ന മഹാബലിയ്ക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാണിച്ചു കൊടുക്കുന്നതാണ് ഓണവില്ല്. മഹാബലിയെ വാമനൻ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്ന സമയം മഹാബലി വിഷ്ണുവിന്റെ വിശ്വരൂപം ദർശിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം തന്നെ കാലാകാലങ്ങളിൽ ഭഗവാൻ കൈവരിക്കുന്ന അവതാരങ്ങളും ആ അവതാരങ്ങളുമായി ബന്ധപ്പെട്ട കഥകളും കാണണമെന്നും മഹാബലി അപേക്ഷിക്കുന്നു. ഭഗവാൻ തന്റെ വിശ്വരൂപം കാണിച്ചുകൊടുക്കുന്നതോടൊപ്പം വിശ്വകർമ്മ ദേവനെ വരുത്തി വർഷം തോറും നാട് കാണാനെത്തുന്ന മഹാബലിയ്ക്ക് തന്റെ അവതാരകഥകൾ വിശ്വകർമ്മ ദേവന്റെ പിന്മുറക്കാരെക്കൊണ്ട് വരച്ചു കാണിച്ചു കൊടുക്കണമെന്നും ആവശ്യപ്പെടുന്നു. ഇതാണ് ഓണവില്ലിന്റെ ഐതിഹ്യം. കടമ്പ് വൃക്ഷത്തിന്റെ തടി കൊണ്ട് നിർമ്മിക്കുന്ന ഓണവില്ലുകൾ മൂന്നു ദിവസത്തെ പൂജകൾക്ക് ശേഷം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് മാറ്റുന്നു. ഭക്തർക്ക് തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ലുകൾ ദർശിക്കാൻ കഴിയും.

കുമ്മാട്ടി
തൃശൂർ, പാലക്കാട്‌, വയനാട് എന്നീ ജില്ലകളിൽ കണ്ടുവരുന്ന ഒരു നാടൻകലാരൂപമാണ് കുമ്മാട്ടി. ഇതിൽ തൃശൂരും പരിസര പ്രദേശങ്ങളിലും ഓണത്തോടനുബന്ധിച്ചാണ് കുമ്മാട്ടി ആഘോഷിക്കുന്നത്. തിരുവോണം മുതൽ ചതയം വരെ നടക്കുന്ന കുമ്മാട്ടി ആഘോഷങ്ങളിൽ നിരവധി കുമ്മാട്ടി സംഘങ്ങൾ പങ്കെടുക്കാറുണ്ട്. ഓണത്തപ്പന് അകമ്പടി സേവിയ്ക്കാൻ പരമശിവൻ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികളെന്നാണ് സങ്കല്പം. ശരീരത്തിൽ പുല്ല് വച്ചുകെട്ടി കുമ്മാട്ടി മുഖങ്ങൾ അണിഞ്ഞുകൊണ്ടാണ് കുമ്മാട്ടികൾ ഒരുങ്ങുന്നത്. നാട്ടുഭാഷയിലുള്ള കുമ്മാട്ടിപ്പാട്ടുകളും പ്രസിദ്ധമാണ്. അന്യം നിന്നുപോകുന്ന നാടൻ കലാരൂപങ്ങളെ ഓർമ്മപ്പെടുത്തുവാനുള്ള ശ്രമങ്ങളെന്നോണം ഇന്നും കുമ്മാട്ടികൾ ഓണത്തപ്പനെ വരവേൽക്കാൻ ഇറങ്ങാറുണ്ട്.

തുമ്പിതുള്ളൽ
വിനോദമായും അനുഷ്ഠാനമായും കൊണ്ടാടുന്ന ഒരു കലാരൂപമാണ് തുമ്പിതുള്ളൽ. മുഖ്യമായും ഓണക്കാലത്താണ് ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. സ്ത്രീകൾ വട്ടത്തിലിരുന്നുകൊണ്ട് കൈകൊട്ടി പാടി കളിയ്ക്കുന്ന ഒരു ഗ്രാമീണ കലാരൂപമാണ് തുമ്പിതുള്ളൽ. ഒരു സ്ത്രീ വട്ടത്തിന് നടുവിലിരുന്നു തുള്ളുകയും മറ്റു സ്ത്രീകൾ കൈകൾ കൊട്ടി പാടുകയും ചെയ്യുന്നു. ഓരോ പ്രദേശത്തെയും പ്രാദേശിക രീതികൾക്കും ഭാഷയ്ക്കും അനുസരിച്ചു തുമ്പിതുള്ളലിന്റെ പാട്ടുകളും വ്യത്യസ്തമാണ്.

ഓണത്തുള്ളൽ
മദ്ധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന ഓണക്കളിയാണ് ഓണത്തുള്ളൽ. സ്ത്രീകളാണ് പൊതുവെ ഇത് അവതരിപ്പിക്കാറുള്ളത്. മഹാബലിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടും തുള്ളലുമാണ് ഓണത്തുള്ളലിന്റെ പ്രത്യേകത. കുരുത്തോലയോ പൂക്കുലയോ കയ്യിൽ പിടിച്ചുകൊണ്ട് സ്ത്രീകൾ പാട്ടിനനുസരിച്ചു തുള്ളുന്നു. അന്യം നിന്നുപോകുന്ന ഒരു ഓണക്കളിയാണ് ഓണത്തുള്ളൽ.

ഓണത്താർ
വടക്കൻ കേരളത്തിലെ ഒരു ഓണത്തെയ്യമാണ് ഓണത്താർ. മഹാബലി സങ്കല്പത്തിലുള്ള ഒരു നാട്ടുദൈവമാണ് ഓണത്താറിന്റെ ദേവസങ്കൽപം. വണ്ണാൻ സമുദായത്തിൽപ്പെട്ട ചെറിയ ആൺകുട്ടികളാണ് സാധാരണ ഓണത്താർ കെട്ടുന്നത്. ഉത്രാടം, തിരുവോണം നാളുകളിൽ മുഖത്ത് തേപ്പും ചെറിയ മുടിയും കൈകളിൽ മണിയും ഓണവില്ലുമായി ഓണത്താർ വീടുകൾ തോറും കയറിയിറങ്ങി ആടുന്നു. ഒപ്പം ചെണ്ട കൊട്ടലും മഹാബലിയുടെ ചരിത്രത്തെ പറ്റിയുള്ള പാട്ടുമുണ്ടാവും. കണ്ണൂർ ജില്ലയിലാണ് ഓണത്താർ ഏറ്റവും പ്രചാരത്തിലുള്ളത്.

ആട്ടക്കളം കുത്തൽ
പണ്ടുകാലത്തെ ഒരു പ്രധാന ഒണക്കളിയായിരുന്നു ആട്ടക്കളം കുത്തൽ. ത്രിശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഈ കളി കണ്ടുവന്നിരുന്നതെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം പല വകഭേദങ്ങളിൽ, പല പേരുകളിൽ ഈ കളി പ്രചാരത്തിലുണ്ടായിരുന്നു. പുരുഷന്മാർ സംഘം ചേർന്നു കളിച്ചിരുന്ന ഒരു കളിയായിരുന്നു ഇത്. മുറ്റത്തു വലിയൊരു വട്ടം വരയ്ക്കുന്നു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം വട്ടത്തിനകത്തും മറ്റേ സംഘം പുറത്തും നിൽക്കുന്നു. ഇവർ തമ്മിലുള്ള പിടിവലിയാണ് കളിയുടെ മർമ്മം. ഇന്ന് ഈ ഓണക്കളി കേരളത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായെന്നു പറയേണ്ടിവരും.

ഇങ്ങനെ വൈവിദ്ധ്യമാർന്നതും ചെറുതും വലുതുമായ ഓണക്കാഴ്ചകളാൽ സമ്പന്നമാണ് ദൈവത്തിന്റെ സ്വന്തം നാട്. പക്ഷെ ഓണവുമായി ബന്ധപ്പെട്ട പല പ്രാദേശിക അനുഷ്ഠാനങ്ങളും കലാരൂപങ്ങളും കളികളും ഇന്നത്തെ തലമുറയ്ക്ക് തീർത്തും അപരിചിതമാണ്. ചിലതെല്ലാം മുഴുവനായും അപ്രത്യക്ഷമായപ്പോൾ മറ്റു ചിലത് നിലനിൽപ്പിനുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പലതും ഇന്ന് ഗൃഹാതുരമായ ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു. എങ്കിലും അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ അറിയാനും അനുഭവിക്കാനുമുള്ള ഭാഗ്യം ഇനി വരും തലമുറയ്ക്കുമുണ്ടാവും എന്ന പ്രതീക്ഷയോടെ നല്ലൊരു ഓണക്കാലത്തെ നമുക്ക് ഒത്തൊരുമയോടെ വരവേൽക്കാം.
പ്രിയ വായനക്കാർക്ക് സ്നേഹം നിറഞ്ഞ ഓണാശംസകൾ!