smriti-irani

ന്യൂഡല്‍ഹി: അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ 2014ല്‍ രാഹുല്‍ ഗാന്ധിയെ വിറപ്പിച്ചു, 2019ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലത്തില്‍ രാഹുലിനെ മലര്‍ത്തിയടിച്ചു. 2024ല്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത തോല്‍വി. ഇതിന് പിന്നാലെ കുറച്ച് കാലമായി പൊതുരംഗത്ത് നിന്ന് ഇടവേളയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇപ്പോഴിതാ പുതിയ ഉത്തരവാദിത്തവുമായി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ്.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രവര്‍ത്തന മേഖല. മുന്‍ കേന്ദ്രമന്ത്രിയെ ഡല്‍ഹിയില്‍ നിയോഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി കേന്ദ്ര നേതൃത്വവും ലക്ഷ്യമിടുന്നത് ഒറ്റകാര്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്നത് തന്നെയാണത്. അരവിന്ദ് കേജ്‌രിവാളിന്റെ തേരോട്ടം ശക്തയായ ഒരു പ്രതിയോഗിയിലൂടെ അവസാനിപ്പിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ ആരംഭിച്ച ബിജെപിയുടെ അംഗത്വ ക്യാമ്പയിനില്‍ സ്മൃതി ഇറാനി സജീവമായി പങ്കെടുക്കുന്നുണ്ട്. രാജ്യതലസ്ഥാനത്തെ 14ല്‍ ഏഴ് ജില്ലകളില്‍ പാര്‍ട്ടി പരിപാടികള്‍ മുന്നോട്ട് പോകുന്നത് സ്മൃതിയുടെ നേതൃത്വത്തിലാണ്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ 2015ല്‍ മൂന്നിടത്തും 2020ല്‍ എട്ടിടത്തുമാണ് ബിജെപി വിജയിച്ചത്. ആദ്യത്തെ തവണ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ 2020ല്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഒരു മുഖമില്ലാതെയാണ് ബിജെപി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.

മോദി - ഷാ സഖ്യത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ മൂന്നാമതും കേജ്‌രിവാളും എഎപിയും അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടയുകയെന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. സ്മൃതി ഇറാനിയെ നിയോഗിക്കുമ്പോള്‍ പോരാട്ടം കേജ്‌രിവാള്‍ - സ്മൃതി ഇറാനി എന്നിവര്‍ തമ്മിലാണെന്ന പ്രതീതിയുണ്ടാക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ കൂടുതല്‍ ആത്മവിശ്വാസം പകരാന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം അവരുടെ മേല്‍നോട്ടത്തില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന ഫോര്‍മുലയ്ക്കാണ് പാര്‍ട്ടിതല ചര്‍ച്ചകളില്‍ മുന്‍തൂക്കമെന്നാണ് അറിയുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളേയും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് നേട്ടമുണ്ടാക്കുന്നത് ബിജെപി പലയിടത്തും വിജയിപ്പിച്ചെടുത്ത മാതൃകയാണ്.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കഴിഞ്ഞതും കേജ്‌രിവാളിന്റെ വ്യക്തിപ്രഭാവത്തെ ബാധിച്ചിട്ടുണ്ടെന്നും അഴിമതി വിരുദ്ധ സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടെന്നും ബിജെപി വിലയിരുത്തുന്നു. ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഇപ്പോള്‍ തന്നെ സ്മൃതി ഇറാനിയെപ്പോലെ അറിയപ്പെടുന്ന ഒരു നേതാവിന്റെ കീഴില്‍ തയ്യാറെടുപ്പ് ആരംഭിക്കുന്നത് നേട്ടമുണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നിരിക്കെ അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തന്നെ മുന്നോട്ടുപോണമെന്ന അഭിപ്രായത്തിനും പാര്‍ട്ടിക്കുള്ളില്‍ മുന്‍തൂക്കമുണ്ട്.