
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന് നന്ദി അറിയിച്ചു കൊണ്ടുള്ള ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ (61) കത്ത് പുറത്ത്. ഗാസ യുദ്ധത്തിൽ ഹമാസിന് നൽകുന്ന പിന്തുണയ്ക്കും വടക്കൻ ഇസ്രയേലിന് നേരെ നടത്തുന്ന ആക്രമണങ്ങൾക്കും ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയ്ക്ക് സിൻവാർ നന്ദി രേഖപ്പെടുത്തി. വെള്ളിയാഴ്ച ഹിസ്ബുള്ളയുടെ ടെലിഗ്രാം ചാനലിലൂടെയാണ് കത്ത് പുറത്തുവിട്ടത്. ഇന്നലെ വടക്കൻ ഇസ്രയേലിലെ സഫേദ് അടക്കമുള്ള നഗരങ്ങളെ ലക്ഷ്യമാക്കി 55 റോക്കറ്റുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. വ്യാപക തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ സിൻവാർ തെക്കൻ ഗാസയിലെ അജ്ഞാത കേന്ദ്രത്തിൽ ഒളിവിലാണ്. അൾജീരിയയിൽ അബ്ദുൾ മജീദ് ടെബൗൺ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുന്ന ഒരു കത്ത് കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ അയച്ചെന്ന് പറയപ്പെടുന്നു. ഗാസ യുദ്ധത്തിന് കാരണമായ, ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണ്. ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ ജൂലായ് 31ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാറിന് ചുമതല ലഭിച്ചത്. കൊടുംഭീകരനായ സിൻവാറിനെ ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41,180 കടന്നു.