river-bank

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ നര്‍മദ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമീപത്തെ പട്ടണങ്ങളിലും മദ്യവും മാംസവും നിരോധിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കഴിഞ്ഞു. മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

നര്‍മദ നദിയുടെ ഒഴുക്കിന് തടസമുണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ രൂപവത്കരിച്ച മന്ത്രിസഭാ സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയാണ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയത്.

മലിനജലം നദിയിലേക്ക് ഒഴുക്കാന്‍ പാടില്ല, ഭാവിയില്‍ ഉത്ഭവസ്ഥാനത്ത് നിര്‍മാണം പാടില്ല, സാറ്റലൈറ്റ് സിറ്റി നിര്‍മിക്കണം, പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കണം, ഖരമാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടണം, യന്ത്രം ഉപയോഗിച്ചുള്ള എല്ലാ ഖനനപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്ക് ഉപഗ്രഹ- ഡ്രോണ്‍ നിരീക്ഷണം ഉപയോഗപ്പെടുത്തണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മോഹന്‍ യാദവ് യോഗത്തില്‍ മുന്നോട്ടുവെച്ചു.

നര്‍മദ നദിയുടെ ആകെ നീളമായ 1312 കിലോമീറ്ററില്‍ 1079 കിലോമീറ്ററും മദ്ധ്യപ്രദേശിലൂടെയാണ് ഒഴുകുന്നത്. നദീതീരത്ത് സംസ്ഥാനത്തെ 21 ജില്ലകളിലെ 1138 ഗ്രാമങ്ങളും 68 താലൂക്കുകളും സ്ഥിതിചെയ്യുന്നുണ്ട്. മാംസ മദ്യ വില്‍പ്പന നിരോധിക്കുന്ന മേഖലയില്‍ 430 പുരാതന ശിവക്ഷേത്രങ്ങളും രണ്ട് ശക്തിപീഠങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.