തൃശൂർ : പരാതികൾ കുന്നുകൂടുന്നതിനിടെ, ഹീവാൻ നിധി കമ്പനി തട്ടിപ്പിൽ മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ സുന്ദർമേനോൻ അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി കോടതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്ത് തുടങ്ങിയതോടെയാണ് വിശദമായ അന്വേഷണം നടത്താനായി റിമാൻഡ് കാലാവധി നീട്ടി നൽകണമെന്ന അപേക്ഷ ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.
ഇത് പരിഗണിച്ച ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന്റെ ആവശ്യം അംഗീകരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലായി ഇതിനകം ഇരുന്നൂറോളം പരാതി ലഭിച്ചു. തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ മാത്രം ലഭിച്ചത് 135 കേസാണ്. ഇത് 45 കേസുകളായി രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘമായ ക്രൈംബ്രാഞ്ചിന് കൈമാറി. ലഭിക്കുന്ന പരാതികളിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുക. കമ്പനിയുടെ പാലക്കാട് പല്ലശന ബ്രാഞ്ചിൽ നിക്ഷേപം നടത്തിയവരും പരാതികളുമായി രംഗത്തെത്തി.
കൊല്ലങ്കോട് സ്‌റ്റേഷനിൽ ഇതിനകം 20 പരാതികൾ നൽകിയതിൽ 7 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ പേർ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ ഏഴ് പരാതികളും രജിസ്റ്റർ ചെയ്തു. മൊത്തം പരാതികളിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. നേരത്തെ തൃശൂർ ഈസ്റ്റ്, ചേർപ്പ്, ആലത്തൂർ സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ഹീവാൻ കമ്പനിയുടെ ആലപ്പാട് ബ്രാഞ്ച് ഇപ്പോഴും പ്രവർത്തിക്കുന്നതിൽ ദൂരുഹത നിലനിൽക്കുന്നുണ്ട്. തട്ടിപ്പ് പണം ആലപ്പാട് ബ്രാഞ്ചിലെ ഒരു ജീവനക്കാരിയുടെ അക്കൗണ്ട് വഴിയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയതെന്ന ആരോപണം നിക്ഷേപകർക്കുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പി ഓങ്ങല്ലൂർ, വടക്കഞ്ചേരി, ആലത്തൂർ അത്തിപൊറ്റ, പല്ലശന, മലപ്പുറം ജില്ലയിലെ എടപ്പാൾ, തൃശൂരിൽ പൂങ്കുന്നം ചക്കാമുക്കിൽ ഹീവാൻസ് നിധി കമ്പനിയുടെ ഹെഢാഫീസിനോട് ചേർന്നുള്ള പൂങ്കുന്നം ബ്രാഞ്ച്, എരുമപ്പെട്ടി, ഗുരുവായൂർ, ആലപ്പാട്, ഒല്ലൂർ, പൂച്ചിന്നിപ്പാടം എന്നിവിടങ്ങളിലാണ് സ്ഥാപനം ആരംഭിച്ച് നിക്ഷേപം സ്വീകരിച്ചത്.