
കാന്‍ബറ: കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിന് തയ്യാറെടുത്ത് ഓസ്‌ട്രേലിയ. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് ആലോചിക്കുന്നത്. തീരുമാനം ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അറിയിച്ചു. അതേസമയം പ്രായപരിധി 14 ആണോ 16 ആണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന രക്ഷിതാക്കളുടെ ആവശ്യം വര്‍ദ്ധിക്കുന്നതും അതോടൊപ്പം തന്നെ അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സമൂഹമാദ്ധ്യ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദാനവുമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
തങ്ങളുടെ കുട്ടികള്‍ക്ക് ഏത് പ്രായം മുതല്‍ സോഷ്യല്‍ മീഡിയ അക്‌സസ് നല്‍കണം എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും അത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം പാര്‍ലമെന്റിന്റെ ഈ സെഷനില്‍ തന്നെ നിയമമാക്കി മാറ്റാന്‍ ആലോചിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ആഗ്രഹിക്കുന്ന രക്ഷിതാക്കളെ പിന്തുണയ്ക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ അവരുടെ കുട്ടിക്കാലത്തെ കൂടുതല്‍ ആസ്വദിക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ രക്ഷിതാക്കളുടെ മനസമാധാനവും വളരെ മെച്ചപ്പെടുമെന്നതും ഈ തീരുമാനത്തിലേക്ക് നയിച്ചുവെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.