pic

വാഷിംഗ്ടൺ: ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് കുബേർട്ട്‌സൺ പകർത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ( 9/11 ഭീകരാക്രമണം)​ ചിത്രങ്ങളും കത്തും ഓൺലൈനായി പങ്കിട്ട് നാസ. ആക്രമണ സമയം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലായിരുന്നു കുബേർട്ട്‌സൺ. അന്ന് ബഹിരാകാശത്തുണ്ടായിരുന്ന ഏക അമേരിക്കൻ സഞ്ചാരിയായിരുന്നു കുബേർട്ട്‌സൺ. ഇരട്ട ഗോപുരങ്ങളുടെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ ലോവർ മാൻഹട്ടനിൽ നിന്ന് ഉയരുന്ന പുകയുടെ ചിത്രങ്ങളാണ് അന്ന് ഇദ്ദേഹം പകർത്തിയത്. ഇതിന് സാക്ഷിയായ തന്റെ അനുഭവം വിവരിക്കുന്ന ഒരു കത്തും അദ്ദേഹം നാസയുമായി പങ്കുവച്ചിരുന്നു. കൺമുന്നിൽ സ്വന്തം രാജ്യം കത്തുന്നത് നോക്കി നിൽക്കേണ്ടി വന്നതിന്റെ നിസ്സഹായത അദ്ദേഹം കത്തിൽ ഉടനീളം വിവരിക്കുന്നു. ആക്രമണത്തിനിടെ പെന്റഗണിൽ ഇടിച്ചിറങ്ങിയ വിമാനത്തിന്റെ പൈല​റ്റ് അദ്ദേഹത്തിന്റെ സഹപാഠിയായ ക്യാപ്റ്റൻ ചാൾസ് ബർലിംഗേം ആയിരുന്നു. ഈ വിവരം പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. 2001 സെപ്തംബർ 11നായിരുന്നു അന്നേ വരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണത്തിന് അമേരിക്കൻ മണ്ണ് സാക്ഷിയായത്. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായാണ് അൽ ക്വഇദ ഭീകരർ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തിയത്. ന്യൂയോർക്കിന്റെ മുഖമുദ്ര ആയിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ടെണ്ണവും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി. നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനങ്ങളിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു.