mnc

ഇന്ത്യയില്‍ തങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആഗോള വന്‍കിട കമ്പനികള്‍ക്ക് താത്പര്യം ഐ.ടി നഗരമായ ബംഗളൂരുവിനോട്. ഭാവിയില്‍ ബംഗളൂരുവിലുണ്ടായേക്കാവുന്ന ബിസിനസ് രംഗത്തെ വികസനം തന്നെയാണ് വന്‍കിട കമ്പനികളെ ഈ ദക്ഷിണേന്ത്യന്‍ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്. നൈറ്റ് ഫ്രാങ്ക് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദീര്‍ഘകാല വളര്‍ച്ച മുന്നില്‍ കണ്ട് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോര്‍പ്പറേഷനുകള്‍ താല്‍പര്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഒക്കുപ്പന്‍സിയുള്ള ഓഫീസ് കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതിന് വലിയ കെട്ടിടങ്ങളാണ് വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലെ ഐടി പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ ഓഫീസ് സ്‌പേസ് ആണ് വന്‍കിട കമ്പനികള്‍ തേടുന്നത്. ഇത്തരം കെട്ടിടങ്ങള്‍ക്കും ഓഫീസ് സ്‌പേസുകള്‍ക്കും വന്‍കിടക്കാര്‍ക്കിടയില്‍ ആവശ്യക്കാര്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ലക്ഷം ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് വിവിധ നഗരങ്ങളിലുള്ള ഡിമാന്റ് 55 ശതമാനമാണ്. അതിലേറെ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്ക് 45 ശതമാനം ഡിമാന്റുണ്ട്. ഒരു ലക്ഷം ചതുരശ്ര അടിക്കുള്ളിലുള്ള കെട്ടിടങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 1.56 കോടി ചതുരശ്ര അടി സ്ഥലം വിവിധ കമ്പനികള്‍ വാടകക്ക് എടുത്തിട്ടുണ്ട്. ഇതില്‍ 50,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കുള്ള ഡിമാന്റ് 21 ശതമാനമാണ്.

50,000 താഴെയുള്ള ചെറിയ ഏരിയകള്‍ക്ക് 11.7 ശതമാനം മാത്രമാണ് ഡിമാന്റുള്ളത്.സ്റ്റാര്‍ട്ട് അപ്പ് പോലുള്ളവയ്ക്കും ഒപ്പം ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും കോ വര്‍ക് സ്‌പേസ് സംവിധാനവും പ്രിയപ്പെട്ടതാണെന്നതാണ് മറ്റൊരു ട്രെന്‍ഡ്. ഐടി മേഖലയിലുള്‍പ്പെടെ നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്ക് കൂടുതല്‍ വന്‍കിട കമ്പനികള്‍ എത്തുമ്പോള്‍ അത് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.