
കോട്ടയം: ഏറെക്കാലമായി അതിരമ്പുഴക്കാരുടെ സ്വപ്നമായിരുന്നു ജംഗ്ഷന്‍ നവീകരണം. ഇപ്പോഴിതാ ആ സ്വപ്നം പൂവണിയാന്‍ പോകുന്നു. അതിരമ്പുഴ ജംഗ്ഷന്‍ ഇനി പഴയ ജംഗഷനല്ല, ഇവിടുത്തെ ഗതാഗതക്കുരുക്കൊക്കെ പഴങ്കഥയാവാനും പോകുന്നു. നവീകരണം പൂര്‍ത്തീകരിച്ച അതിരമ്പുഴ ജംഗ്ഷന്‍, അതിരമ്പുഴ ആട്ടുകാരന്‍ കവല, ഹോളി ക്രോസ് റോഡ് ഉദ്ഘാടനം 17ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജ്, എം.ജി സര്‍വകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വീതിക്കുറവ് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.
നവീകരണം ഇങ്ങനെ
8.81 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ആറു മീറ്റര്‍ വീതിയുണ്ടായിരുന്ന ജംഗ്ഷന്‍ ശരാശരി 18 മീറ്റര്‍ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ആവശ്യമായ ഭൂമി വിലനല്‍കി ഏറ്റെടുത്ത്, കെട്ടിടങ്ങള്‍ നീക്കിയാണ് പുനര്‍നിര്‍മാണം നടത്തിയത്. പ്രവൃത്തിയുടെ പരിപാലന കാലാവധി മൂന്നു വര്‍ഷമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതി കൂട്ടി ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ പുനര്‍നിര്‍മിച്ചതിനൊപ്പം അരികുചാലുകളും നടപ്പാതയും നിര്‍മിച്ചു. റോഡ് സുരക്ഷാ പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ റോഡ്
ജംഗ്ഷനെയും ഏറ്റുമാനൂര്‍ വെച്ചൂര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരന്‍ കവല റോഡ് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. നീണ്ടൂര്‍, കല്ലറ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രികളിലും എം.ജി. സര്‍വകലാശാലയിലേക്കും മാന്നാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താം.
എം.സി. റോഡിനെയും പഴയ എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളി ക്രോസ് റോഡും ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചത്. 445 ലക്ഷം രൂപ ചെലവിലാണ് റോഡുകളുടെ നിര്‍മാണം. അതിരമ്പുഴ ജംഗ്ഷനില്‍ പുതിയ ബസ് ബേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.