pic

ഹരാരെ: നമീബിയയ്ക്ക് പിന്നാലെ ആനകളെ കൂട്ടത്തോടെ കൊല്ലാൻ തീരുമാനിച്ച് സിംബാബ്‌വെയും. കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും രാജ്യത്തെ പിടിമിറുക്കിയ സാഹചര്യത്തിലാണ് തീരുമാനം. 200 ആനകളെയാണ് കൊല്ലുക. പ്രക്രിയ തുടങ്ങാൻ സിംബാബ്‌വെ പാർക്ക്സ് ആൻഡ് വൈൽഡ്‌ലൈഫ് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി.

നിലവിൽ രാജ്യത്ത് ആനകളുടെ എണ്ണം അമിതമാണെന്ന് അധികൃതർ പറയുന്നു. മനുഷ്യരുമായി സംഘർഷം രൂക്ഷമായ ഹ്വാൻഗെ നാഷണൽ പാർക്ക് അടക്കമുള്ള മേഖലകളിലാണ് ആനകളെ കൊല്ലുന്നത്. കടുത്ത വരൾച്ച മൂലം ഇക്കൊല്ലം ഇതുവരെ 160 ആനകളാണ് സിംബാബ്‌വെയിൽ ചരിഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്‌വെ.

ഏകദേശം 1,00,000 ആനകൾ ഇവിടെയുണ്ടെന്ന് കരുതുന്നു. ഹ്വാൻഗെയിൽ മാത്രം 65,000 ആനകളുണ്ട്. എണ്ണം പരിധി കവിഞ്ഞതോടെ 1988ലാണ് രാജ്യത്ത് അവസാനമായി ആനകളെ കൂട്ടമായി കൊന്നത്.

അയൽ രാജ്യമായ നമീബിയയിൽ മാംസത്തിനായി 83 ആനകൾ അടക്കം 723 മൃഗങ്ങളെ കൊല്ലാൻ കഴിഞ്ഞ മാസം സർക്കാർ അനുമതി നൽകിയിരുന്നു. കടുത്ത വരൾച്ച മൂലം പട്ടിണിയിലായ ജനങ്ങൾക്ക് വേണ്ടിയാണ് നീക്കമെന്നും അധികൃതർ പറഞ്ഞിരുന്നു. നമീബിയയിലെ ജനസംഖ്യയുടെ പകുതിയും ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം,​ എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കൊടും വരൾച്ച തെക്കേ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 68 ദശലക്ഷം ജനങ്ങളെ ബാധിച്ചെന്നാണ് കണക്ക്. 2024ന്റെ തുടക്കത്തിൽ ആരംഭിച്ച വരൾച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് വഴുതിവീണു. സാംബിയ, മലാവി, ലെസോതോ എന്നിവിടങ്ങളിലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണ്.