renjith

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗ പരാതിയിൽ ബംഗാളി നടിയുടെ രഹസ്യമൊഴി ഈ ആഴ്‌ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെ ആകും നടി ഹാജരാക്കുക. അവിടെ നിന്നും എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക.

കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി നേരത്തേ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുള്ള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തരം കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു.

അതേസമയം, രഞ്ജിത്തിനെതിരായ കേസിൽ കുറ്റപത്രം തയാറായി വരികയാണ്. കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം മുന്നിൽ കണ്ടാണ് കുറ്റപത്രം നൽകുന്നത്.

2009ൽ 'പാലേരിമാണിക്യം' സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് നേരിട്ട ദുരനുഭവം നേരിടേണ്ടി വന്നുവെന്നാണ് സിപിഎം ആക്‌ടിവിസ്റ്റ് കൂടിയായ നടി നൽകിയ പരാതി. 'അകലെയിലെ' അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തിലേക്ക് സ്‌പർശനം നീണ്ടപ്പോൾ ഇറങ്ങിയോടി. ടാക്‌സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടൽ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.

തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേക്കും വന്നില്ല. അതിക്രമം നേരിട്ടവർ കുറ്രവാളികളുടെ പേര് വെളിപ്പെടുത്തണമെന്നും നടി പറഞ്ഞു. എന്നാൽ, നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. അവർ ഒഡീഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതുകൊണ്ടാണ് പരിഗണിക്കാത്തതെന്നായിരുന്നു ര‌ഞ്ജിത്ത് നൽകിയ വിശദീകരണം.