
വിൽക്കുകയോ വാടകയ്‌ക്ക് കൊടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ് പിതാവായ ആർ. ബാലകൃഷ്‌ണപിള്ള തനിക്ക് കൈമാറിയ സ്വത്ത് ഒന്നേയുള്ളൂവെന്ന് മന്ത്രി ഗണേശ് കുമാർ. ബാലകൃഷ്‌ണപിള്ളയ്‌ക്ക് ഏറ്റവും ഇഷ്‌ടപെട്ട വീടുകളിലൊന്നാണ് അത്. മുത്തച്ഛനും മുത്തശ്ശിയും അടക്കമുള്ളവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമായതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് ഗണേശ് പറയുന്നു.
കുടുംബപരമായി സാമ്പത്തികസ്ഥിതി മെച്ചമായിരുന്നെങ്കിലും അച്ഛൻ തന്നെ വളർത്തിയത് വലിയ സമ്പദ്‌സമൃദ്ധിയിലൊന്നുമല്ലെന്ന് ഗണേശ് പറയുന്നു. പഠിക്കുന്ന സമയത്തൊക്കെ കാഴ് ആവശ്യമുള്ളപ്പോൾ അമ്മയിൽ നിന്നാണ് വാങ്ങിയിരുന്നത്. അതും ചില്ലറകാശൊക്കെ കിട്ടൂ. ഒന്നും ചെലവാക്കില്ലെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കുമായിരുന്നു. കുറഞ്ഞ സാമ്പത്തിക സ്ഥിതിയിൽ ജീവിക്കാനാണ് അച്ഛൻ പഠിപ്പിച്ചത്. അച്ഛനും അമ്മയും ഉള്ളപ്പോഴായിരുന്നു ഓണം. ഇപ്പോൾ ഓണമൊന്നുമില്ല. പലർക്കും അങ്ങനെയാണെന്നും ഗണേശ് പറയുന്നു.
വീട്ടിൽ നൂറുകണക്കിന് മിനിയേച്ചർ വാഹനങ്ങൾ
ചെറുപ്പം മുതലേ കളിപ്പാട്ട കാറുകളോടാണ് ഗണേശിന് പ്രിയം. പിതാവ് ആർ ബാലകൃഷ്ണപിള്ള എംപിയായിരിക്കെ ഡൽഹിയിൽ നിന്ന് മടങ്ങുമ്പോൾ സമ്മാനമായി അമ്മ വത്സല ബാലകൃഷ്ണൻ വാങ്ങിക്കൊടുത്ത ചെറുകാർ ഇപ്പോഴും ഗണേശിന്റെ പക്കലുണ്ട്.
ഒമ്പത് വർഷം മുമ്പ് ഒന്നരലക്ഷം രൂപ മുടക്കി വാങ്ങിയ മിനി ഹെലികോപ്ടറിൽ മെഥനോളിൽ ഇന്ധനം നിറച്ച് പറക്കാം. ഇതിന് റിമോട്ട് കൺട്രോൾ ഉണ്ട്. പറക്കുന്നതിനിടെ തകർന്ന അതേ മോഡലിൽ ഒന്ന് കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് ഇപ്പോഴുള്ളത് പറത്താൻ ഗണേശ് കുമാറിന് തോന്നുന്നില്ല. അമ്മ ഉറങ്ങിയിരുന്ന മുറിയിലാണ് കളിമുറി ഒരുക്കിയിരിക്കുന്നത്. ടൈൽ വിരിച്ച തറയിലാണ് റെയിൽവേ ട്രാക്ക് സ്ഥാപിച്ചിരിക്കുന്നത്. റിമോട്ട് അമർത്തിയാൽ ട്രെയിൻ നിങ്ങളുടെ അടുത്തെത്തും. ലോറി, കെഎസ്ആർടിസി ബസ്, ട്രാക്ടർ, ജീപ്പ്, കപ്പൽ, ബോട്ട്, ബുള്ളറ്റ്, വിവിധ കാറുകൾ...അങ്ങനെ നീളുന്നു മന്ത്രി ഗണേശ് കുമാറിന്റെ വണ്ടി ശേഖരം.