
കൊച്ചി: വിമർശനങ്ങൾക്കും കമന്റുകൾക്കും മറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. താരത്തിന്റെ കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അഹങ്കാരി, പൃഥ്വിരാജിനെപ്പോലെ തുടങ്ങിയ പരാമർശങ്ങളും മാധവിനുനേരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് താരം. ഓൺലൈൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജുചേട്ടൻ. അദ്ദേഹത്തെപ്പോലെ കാലിബറുള്ള, 20 വർഷമായി ഇൻഡസ്‌ട്രിയിലുള്ള ഒരാളുമായി എന്നെ താരതമ്യം ചെയ്യുന്നതിൽ ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റില്ല. സ്റ്റാർട്ടിംഗ് ലെവലിലുള്ള എന്നെ താരതമ്യം ചെയ്യുന്നത് 20 വർഷത്തിലധികം എക്‌സ്‌പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, ഓവർ കോൺഫിഡൻസ് എന്നൊക്കെ ആളുകൾ പറയുന്നത് എന്തിനാണെന്ന് അറിയില്ല.
ഞാൻ ഇങ്ങനെയാണ്. ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അത് ഞാൻ ചെയ്യുന്നു. നമ്മൾ മനുഷ്യരാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്‌ഫുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ എന്നെ പൃഥ്വിരാജെന്നും സുരേഷ് ഗോപിയെന്നുമൊക്കെ വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യങ്ങളല്ല, മാധവ് സുരേഷ് ആയിട്ടേ എനിക്ക് ജീവിക്കാൻ പറ്റൂ'- താരം വ്യക്തമാക്കി.
മാധവ് സുരേഷ് ആദ്യമായി അഭിനയിക്കുന്ന കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ് സംവിധാനം ചെയ്തത്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് ചിത്രത്തിന്റെ നിർമ്മാണം.