
മലപ്പുറം: സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും ബന്ധുവായ മൂന്ന് വയസുകാരനും ദാരുണാന്ത്യം. മലപ്പുറം മമ്പാടാണ് സംഭവം. ശ്രീലക്ഷ്മി (37), ധ്യാൻദേവ് എന്നിവരാണ് മരിച്ചത്. ശ്രീലക്ഷ്മിയുടെ ഭർത്താവിന്റെ അനുജന്റെ മകനാണ് ധ്യാൻദേവ്. അപകടത്തിൽ പരിക്കേറ്റ ശ്രീലക്ഷ്മിയുടെ രണ്ട് മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെ മമ്പാടിന് സമീപം കാരച്ചാൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശ്രീലക്ഷ്മിയുടെ ഭർത്താവ് ഷിനോജ്, ശ്രീലക്ഷ്മി, മൂന്ന് കുട്ടികൾ എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പിൽ തട്ടി റബർ തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു. റബർ മരത്തിലിടിച്ചാണ് വാഹനം നിന്നത്.
അപകടസമയത്ത് പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിട്ടോളം കഴിഞ്ഞാണ് അതുവഴിയെത്തിവർ അപകടത്തിൽപ്പെട്ടവരെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. പോകുന്നവഴിക്കുതന്നെ ധ്യാൻദേവ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. ഷിനോജിനെയും മക്കളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.