kcl

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ പതിനാലാം ദിവസത്തെ രണ്ടാം കളിയിൽ കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് 25 റൺസിന് ആലപ്പി റിപ്പിൾസിനെ പരാജപ്പെടുത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ ചെയ്ത കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. 194 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടാനെ കഴിഞ്ഞുള്ളു. കൊച്ചിക്ക് 25 റൺസ് ജയം. സെഞ്ചുറി നേടിയ കൊച്ചിയുടെ ആനന്ദ് കൃഷ്ണനാണ് പ്ലയർ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ആനന്ദ് കൃഷ്ണന്റെ സെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. 66 പന്തിൽ നിന്ന് 11 സിക്‌സും ഒൻപത് ബൗണ്ടറിയും ഉൾപ്പെടെ പുറത്താകാതെ ആനന്ദ് കൃഷ്ണൻ 138 നേടി. ആനന്ദ് കൃഷ്ണൻ -ജോബിന്‍ ജോബി കൂട്ടുകെട്ടാണ് കൊച്ചിക്കായി ഓപ്പണിംഗിനിറങ്ങിയത്. ആറാം ഓവറിലെ അവസാന പന്തിൽ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തിൽ 11 റൺസ് നേടിയ ജോബിന്‍ ജോബിയെ വിശ്വേശ്വര്‍ സുരേഷ് പുറത്താക്കി. തുടർന്നെത്തിയ ഷോൺ റോജറുമായി ചേർന്ന് ആനന്ദ് കൃഷ്ണൻ സ്‌കോർ 95 ലെത്തിച്ചു.

ഓപ്പണറായി ഇറങ്ങിയ ആനന്ദ് കൃഷ്ണൻ ഒരറ്റത്ത് കൂറ്റനടികളോടെ ടീം സ്‌കോർ അതിവേഗം ഉയർത്തിക്കൊണ്ടിരുന്നു. കെ.ബി അനന്തുവുമായി ചേർന്ന് അവസാന ഓവറുകളിൽ അതിവേഗം സ്‌കോറിംഗ് നടത്തി .ടീം സ്‌കോർ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 എന്ന നിലയിൽ അവസാനിച്ചു. ഏഴു പന്തിൽ നിന്നും 13 റൺസെടുത്ത കെ.ബി അനന്തു പുറത്താകാതെ നിന്നു.

194 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിനായി മുഹമ്മദ് അസ്ഹറുദീൻ കൃഷ്ണപ്രസാദ് സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത് . പ്രസാദിനെ കീപ്പർ സ്റ്റംപ് ചെയ്തു പുറത്താക്കി. 33 പന്തിൽ നിന്ന് 39 റൺസ് നേടിയാണ് പുറത്തായത്. 13-ാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് അസ്ഹറുദീനെ എൻ.എസ് അജയഘോഷ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ നാലു സിക്‌സും നാലും ഫോറും ഉൾപ്പെടെ 65 റൺസുമായാണ് അസ്ഹറുദീൻ മടങ്ങിയത്.തുടർച്ചയായി വിക്കറ്റ് വീണത് ആലപ്പുഴയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ ആറു റൺസ് മാത്രമാണ് ആലപ്പി റിപ്പിൾസിന് നേടാനായത്.