pic

ലോസ് ആഞ്ചലസ്: അമേരിക്കൻ ഗായകനും 60കളിലും 70കളിലും തരംഗം സൃഷ്ടിച്ച 'ദ ജാക്സൺ 5" പോപ്പ് ഗ്രൂപ്പിലെ (ദ ജാക്സൺസ്) അംഗവുമായിരുന്ന റ്റിറ്റോ ജാക്സൺ (70) അന്തരിച്ചു. അന്തരിച്ച പോപ്പ് ചക്രവർത്തി മൈക്കൽ ജാക്സണിന്റെ സഹോദരനാണ്. ഞായറാഴ്ച ന്യൂമെക്സിക്കോയിൽ നിന്ന് ഒക്‌ലഹോമയിലേക്ക് വാഹനം ഓടിക്കുന്നതിനിടെ റ്റിറ്റോയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം.

ജാക്സൺ കുടുംബത്തിലെ പത്ത് സഹോദരങ്ങളിൽ മൂന്നാമത്തെയാളാണ് റ്റിറ്റോ. 1953 ഒക്ടോബർ 15ന് ഇൻഡ്യാനയിൽ ജനിച്ച റ്റിറ്റോയുടെ യഥാർത്ഥ പേര് റ്റോറിയാനോ അഡറൈൽ ജാക്സൺ എന്നാണ്. മൈക്കൽ ജാക്സൺ അടക്കമുള്ള സഹോദരങ്ങൾ സോളോ ഹിറ്റുകളിലൂടെ ലോകപ്രശസ്തിയിലേക്ക് ഉയർന്നെങ്കിലും ഗിറ്റാറിസ്റ്റ് കൂടിയായ റ്റിറ്റോയ്ക്ക് അവർക്കൊപ്പമെത്താനായില്ല. 2003ലാണ് റ്റിറ്റോ സോളോ കരിയറിന് തുടക്കമിട്ടത്.

2009ൽ 50ാം വയസിലാണ് മൈക്കൽ ജാക്സൺ വിടവാങ്ങിയത്. മൂന്ന് ഗ്രാമി നോമിനേഷനുകൾ നേടിയ റ്റിറ്റോ ദ ജാക്സൺ 5ലെ അംഗമെന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹാൾ ഒഫ് ഫെയിമിലും ഉൾപ്പെട്ടു. ഡെലോറസ് മാർട്ടെസ് മുൻ ഭാര്യയാണ്. ഗായകനായ താജ് അടക്കം മൂന്ന് മക്കളുണ്ട്.