
കൊച്ചി: വീണ്ടും സർവ്വകാല റെക്കാഡിടാനുള്ള കുതിപ്പിലാണ് പൊന്ന്. സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവില വീണ്ടും 55,000 രൂപ കടന്നു. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 6880 രൂപയിലും പവന് 120 രൂപ വർദ്ധിച്ച് 55,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ചരിത്രത്തിലെ രണ്ടാമത്തെ സർവകാല ഉയർന്ന നിരക്കുമാണിത്. അടുത്ത ദിവസങ്ങളിൽ 80 രൂപ കൂടി വർദ്ധിച്ചാൽ പൊന്നിന്റെ വില സർവ്വകാല റെക്കാഡിടും. കേരളത്തിൽ സ്വർണ്ണവില ഏറ്റവും ഉയർന്നത് ഈ വർഷമാണ്. കഴിഞ്ഞ മെയ് 20ന് രേഖപ്പെടുത്തിയ 55,120 ആണ് ഇതുവരെയുള്ള സർവ്വകാല റെക്കാഡ്. കഴിഞ്ഞ ആഴ്ചയുടെ അവസാന രണ്ട് ദിവസങ്ങളിൽ പവന് 1280 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയും. നാല് ദിവസം കൊണ്ട് പവന് കൂടിയത് 1400 രൂപ! ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 7505 രൂപയായിരുന്നു.
ഉത്സവ, വിവാഹസീസണിൽ സ്വർണ്ണവില കത്തിക്കയറുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ടെങ്കിലും വിപണിയിൽ വാങ്ങൽ താത്പര്യമാണ് കണ്ടുവരുന്നതെന്ന് കച്ചവടക്കാർ പറയുന്നു. നിലവിൽ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജി.എസ്.ടിയും കൂടി 60,000 രൂപയോളം ചെലവഴിക്കേണ്ടി വരും. അന്താരാഷ്ട്ര തലത്തിലും ചരിത്രത്തിലെ ഉയർന്ന നിലവാരങ്ങളിലാണ് സ്വർണ്ണവില. 6.25 ഡോളർ ഉയർന്ന് ഔൺസിന് 2585.26 ഡോളറാണ് ഇന്നലെ ആഗോള സ്വർണ്ണവില. അതേസമയം, രാജ്യാന്തര വിപണിയിൽ യു.എസ്  ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കൽ തീരുമാനങ്ങളും നയവ്യതിയാന പ്രഖ്യാപനവും സ്വർണ്ണവിലയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
സ്വർണവില കൂടാനുള്ള കാരണം
രാജ്യാന്തര വിപണിയിലെ വില വർദ്ധനവ്.
 യു.എസ് ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണത്തിന് ഡിമാൻഡ് കൂട്ടി
പണപ്പെരുപ്പ് ആശങ്കകൾ
വിപണിയിലെ അനിശ്ചിതത്വം
ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ
ഈ വർഷം സ്വർണവില ഏറ്റവും ഉയർന്നത്
സ്ഥാനം- തീയതി - ഗ്രാമിന്റെ വില - പവന്റെ വില
1. മെയ് 20- 6,890 - 55,120
2.സെപ്തംബർ 16- 6,880- 55,040
3. ജൂലൈ 17 - 6,875- 55,000
4. സെപ്തംബർ 14- 6,865- 54,920
5. ജൂലൈ 18- 6,860- 54,880