k-sukumaran

താൻ ജനിച്ചു വളർന്ന സമൂഹത്തിൽ,​ പലതരം അവശതകളാൽ ആത്മബലം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആത്മാഭിമാനം വീണ്ടെടുത്തു നൽകാനും, സമൂഹത്തിനാകെ പ്രത്യാശയുടെ സൂര്യതേജസേകുന്ന
കർമ്മയോഗിയാകാനും പത്രാധിപർ കെ.സുകുമാരനു കഴിഞ്ഞു. ആ കർമ്മവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അദ്ഭുതകരമായ അഭിമാനബോധവും പോരാട്ട വീര്യവും നമ്മെ അമ്പരപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യും

................


പത്രാധിപർ എന്ന സമാദരസംജ്ഞയിൽ മലയാളി മനസിൽ പ്രതിഷ്ഠ നേടിയ പ്രതിഭ, കെ. സുകുമാരൻ. കേരളീയ നവോത്ഥാനത്തിന് ചൂടും വെളിച്ചവും പകർന്ന എഴുത്തുകൾ, പ്രഭാഷണങ്ങൾ. സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരായിരുന്ന പുതുതലമുറയുടെ മാർഗദീപം; ഔദാര്യനിധി. ആ മഹാത്മാവ് നിത്യസ്മരണീയനായിത്തീർന്നിട്ട് ഇന്ന് നാല്പത്തിമൂന്ന് വർഷം.


പത്മഭൂഷൻ കെ. സുകുമാരൻ,​ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന സി.വി. കുഞ്ഞുരാമന്റെ പുത്രൻ. 'കേരളകൗമുദി" പത്രത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രോജ്വലശബ്ദമായി സി.വി. കുഞ്ഞുരാമൻ വിഭാവനം ചെയ്തു. പത്രത്തിന്റെ സ്ഥാപകൻ, ഉല്പതിഷ്ണുവായ കെ. സുകുമാരന്റെ നേതൃത്വത്തിൽ അജ്ഞാനത്തിന്റെ അന്ധകാരമകറ്റി സമൂഹത്തിലെങ്ങും പുതുവെളിച്ചം പ്രസരിപ്പിക്കുന്നതിന് ഇരുട്ടിൽ നിലാവുപോലെ 'കേരളകൗമുദി" പ്രകാശം പരത്തുകയായിരുന്നു. തലസ്ഥാന നഗരിയുടെ സാംസ്‌കാരിക വെളിച്ചമായി, അധഃസ്ഥിതരുടെ പ്രതീക്ഷകളുടെ പ്രഭവകേന്ദ്രമായി, സ്വതന്ത്രവും പുരോഗമനാത്മകവുമായ ചിന്താഗതികളുടെ പ്രകാശനവേദിയായി 'കേരളകൗമുദി"യെ ചരിത്രത്തിൽ പ്രതിഷ്ഠയുറപ്പിച്ചത് കെ.സുകുമാരനാണ്.

താൻ ജനിച്ചു വളർന്ന സമൂഹത്തിൽ പലതരം അവശതകളിൽ അകപ്പെട്ട് ആത്മബലം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആത്മാഭിമാനം വീണ്ടെടുത്തു നൽകാനും, സമൂഹത്തിനാകെത്തന്നെ പ്രത്യാശയുടെ സൂര്യതേജസേകുന്ന
കർമ്മയോഗിയായി പ്രവർത്തിക്കാനും പത്രാധിപർ കെ.സുകുമാരനു കഴിഞ്ഞു. കെ.സുകുമാരന്റെ കർമ്മവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അദ്ഭുതകരമായ അഭിമാനബോധവും അന്ധകാരജഡിലമായ സമൂഹികക്രമങ്ങൾക്കെതിരെയുള്ള പോരാട്ട വീര്യവും നമ്മെ അമ്പരപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യും.

വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും ഉപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ ഉജ്വലജീവിത
ദർശനത്തിന്റെ കരുത്തനായ ആവിഷ്‌കർത്താവായിരുന്നു കെ. സുകുമാരൻ. അധികാരത്തിനു മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന പ്രാകൃത പ്രകടനം പലരും കാഴ്ചവച്ചിരുന്ന അക്കാലത്ത് വായിച്ചും പഠിച്ചും നൂതന ചിന്തകൾ സ്വന്തമാക്കിയും ഉദ്ബുദ്ധമാക്കിയ ആ വ്യക്തിപ്രതിഭയുടെ പ്രകാശം 'കേരളകൗമുദി"ക്ക് സംസ്‌കാരത്തിന്റെ മുഖശോഭ നൽകി.

കക്ഷിരാഷ്ട്രീയ പരിഗണനകൾക്കോ പക്ഷപാത സമീപനങ്ങൾക്കോ ആ മഹത്ജീവിതത്തിൽ ഇടം നല്കാതെ സമൂഹത്തിന്റെ സ്വതന്ത്രവും സമത്വാധിഷ്ഠിതവുമായ പുരോഗതിക്കുവേണ്ടി അദ്ദേഹം പത്രപ്രവർത്തനരംഗവും പ്രഭാഷണവേദിയും പൂർണമായും പ്രയോജനപ്പെടുത്തി. ജാതി നിരാകരണത്തിനും സാമൂഹിക പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളെ പ്രബുദ്ധരാക്കി മുന്നോട്ടു നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ചതാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗം. മഹാകവി കുമാരനാശാനെപ്പോലുള്ള ഭാവനാശാലികൾ വളർത്തിയെടുത്ത എസ്.എൻ.ഡി.പി. യോഗത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ 1953-54 കാലഘട്ടത്തിൽ കെ. സുകുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.

എല്ലാ അവശജനവിഭാഗങ്ങളുടെയും ജീവിത യാഥാർത്ഥ്യങ്ങളുടെ പ്രകാശനവേദിയായി
'കേരളകൗമുദി"യെ അദ്ദേഹം പ്രയോജനപ്പെടുത്തി. സദാ ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് സ്വാർത്ഥതാല്പര്യങ്ങൾ തൊട്ടുതീണ്ടാതെ പാവപ്പെട്ടവരുടെ പുരോഗതിക്കും അവശതകളുടെ പ്രകാശനത്തിനും പരിഹാരത്തിനും വേണ്ടി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. രാഷ്ട്രീയനേതൃത്വങ്ങളുടെ ഗുണപരമല്ലാത്ത ഇടപെടലുകൾ സമൂഹപുരോഗതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എത്രയോ സന്ദർഭങ്ങളിൽ അദ്ദേഹം എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ഉണ്ടായിട്ടുണ്ട്.


കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റപ്പോൾ അടിസ്ഥാനവർഗത്തിന് പുതിയ പ്രതീക്ഷകളുടെ താരോദയം സംഭവിച്ചു. എന്നാൽ അക്കാലത്ത് രൂപം കൊടുത്ത അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിറ്റിയുടെ ഘടന അങ്ങേയറ്റം നിരാശാജനകമായി. സമൂഹത്തിലെ ഉപരിവർഗ പ്രതിനിധികൾ മാത്രം അടങ്ങുന്ന ആ സമിതിയിൽ അടിസ്ഥാന ജനവർഗങ്ങളിൽ നിന്നോ പിന്നാക്ക ജാതികളിൽ നിന്നോ ഒരു പ്രതിനിധിപോലുമുണ്ടായിരുന്നില്ല. എൺപതു ശതമാനം സർക്കാരുദ്യോഗവും ഉന്നത ജനവിഭാഗങ്ങൾ മാത്രം വീതിച്ചെടുക്കുന്ന ജനവിരുദ്ധമായ നടപടികളെ പിന്തുണയ്ക്കുന്ന പരിഹാസ്യമായ ഘടനാവിശേഷമാണ് ആ കമ്മിറ്റിയുടെ രൂപീകരണത്തിലൂടെ പ്രത്യക്ഷമായത്.

ഇതിനെതിരെ കെ. സുകുമാരന്റെ ശബ്ദം സാഗരഗർജ്ജനം പോലെ അലയടിച്ചു. 1957ലെ പ്രഖ്യാതമായ കുളത്തൂർ പ്രസംഗം ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളതാണ്. കുളത്തൂർ ശ്രീനാരായണ ലൈബ്രറിയുടെ വാർഷിക വേളയിൽ
അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ കെ.സുകുമാരൻ ആഞ്ഞടിച്ചു. സമ്പന്നവർഗങ്ങൾ ആനുകൂല്യങ്ങൾ സമർത്ഥമായി അനുഭവിച്ചുകൊണ്ടിരിക്കെ ഇത്തരമൊരു റിഫോംസ് കമ്മിറ്റി എങ്ങനെ അവശജനലക്ഷങ്ങളുടെ ദുരിതത്തിന് പ്രതിവിധിയാകുമെന്ന് കെ. സുകുമാരൻ ശക്തമായ സന്ദേഹം പ്രകടിപ്പിച്ചു.

നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനുമാകണം അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിറ്റി. അടിസ്ഥാന ജനവർഗത്തിന്റെ പരിതാപകരമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ അതേ വിഭാഗത്തിൽ നിന്ന് ഒരു പ്രതിനിധി പോലും ഇല്ലാത്തതിന്റെ അപകടരമായ ദുരൂഹത അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. അതായിരുന്നു കെ. സുകുമാരൻ. അധികാരത്തിന്റെ ദുർനീതികളോട് ഒരു തലത്തിലും പൊരുത്തപ്പെടാത്ത കർമ്മോജ്വല വ്യക്തിത്വം. അധികാരത്തോട് സന്ധിചെയ്യലുകൾക്കൊരുങ്ങാതെ പോരടിയ ഈ പത്രാധിപർ എത്ര ഹൃദയാലുവും പുരഗമനവാദിയുമായിരുന്നു എന്ന് വ്യക്തിപരമായ അനുഭവങ്ങൾ ഓർത്തെടുക്കാൻ ഭാഗ്യം ലഭിക്കുന്നത് ഈ എഴുത്തുകാരന് അവിസ്മരണീയ അനുഭവം.


എം.എ. ബിരുദം നേടി കലാശാലാ അദ്ധ്യാപകനായി തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോൾ മാർ ഇവാനിയോസ് കോളേജിൽ എന്റെ പ്രിയ വിദ്യാർത്ഥിയായി വന്നു, എം.എസ്. രവി എന്ന കുഞ്ഞുമോൻ. കെ. സുകുമാരന്റെ നാലുമക്കളിൽ എം.എസ്. മണി, എം. എസ്. ശ്രീനിവാസൻ, എം.എസ്. മധുസൂദനൻ എന്നിവരുടെ സഹോദരൻ. രവി പ്രിയവിദ്യാർത്ഥിയായി മാറിയത് എന്റെ ജീവിതത്തിന്റെ സൗഭാഗ്യമാണ്. പേട്ടയിലെ 'കേരളകൗമുദി" ഓഫീസിലേക്കും ആ ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന വീട്ടിലേക്കും രവി പലതവണ എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. പത്രാധിപരുടെ സ്‌നേഹവാത്സല്യങ്ങൾ വ്യക്തിപരമായി എന്നെ തേടിവന്ന സായന്തനങ്ങൾ.

എന്റെ കഥകൾ 'കേരളകൗമുദി"യുടെ വാരന്ത്യപ്പതിപ്പുകളിൽ പ്രകാശിതമായി. 1972-ൽ എന്റെ ആദ്യനോവൽ 'അകലെ ആകാശം" പുസ്തകരൂപത്തിലായപ്പോൾ ആദ്യകോപ്പി സമർപ്പിച്ചത് പത്രാധിപർ കെ. സുകുമാരനാണ്. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശസ്ത ഡോക്ടറും എഴുത്തുകാരനുമായിരുന്ന
കെ. ശിവരാജനെ വിളിച്ച് എത്രയും വേഗം പുസ്തകാഭിപ്രായം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. അത് വലിയ പ്രാധാന്യത്തോടെ 'കേരളകൗമുദി"യിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1975ൽ എന്റെ രണ്ടാമത്തെ നോവൽ 'ഉൾക്കടൽ" പ്രകാശനം ചെയ്യുമ്പോഴും പത്രാധിപരുടെ അനുഗ്രഹം ഒപ്പമുണ്ടായി. ഒരർത്ഥത്തിൽ ആ വലിയ കുടുംബത്തിലെ ഒരു ചെറിയ അംഗമാകാൻ വിധിയുടെ അനുഗ്രഹം എന്നെ തേടിയെത്തുകയായിരുന്നു.


1980കളുടെ ആദ്യം പത്രാധിപർ രോഗബാധിതനായി. ഇടയ്ക്കിടെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ച് സംസാരിക്കാൻ ഞാൻ അവസരം കണ്ടെത്തിയിരുന്നു. ഒടുവിൽ അവശത ഏറിവന്ന കാലത്ത് വീട്ടിലെത്തി രവിയെക്കണ്ട് രോഗവിവരമറിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ അകത്തുനിന്ന് ശയ്യാവലംബിയായ കെ. സുകുമാരന്റെ ശബ്ദമുയരും: 'എന്നെ കാണാതെ പോവുകയാണോ?" ഞാൻ തിരികെക്കയറി ആ കിടക്കയുടെ അരികിൽ ഇരിക്കും. എത്ര വാത്സല്യപൂർവമാണ് ആ തലോടൽ എന്നെത്തേടിയെത്തിയിട്ടുള്ളത്.

അദ്ദേഹം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി 1981 സെപ്തംബർ 18നു കടന്നുപോയപ്പോൾ കരച്ചിലടക്കാൻ വിഷമിക്കുന്ന സമൂഹത്തിലെ പല തട്ടുകളിൽ ഉൾപ്പെട്ട ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കാൻ കഴിഞ്ഞത് വേദനാജനകമായ വിടവാങ്ങലിന്റെ നിമിഷം; സ്വന്തം പിതൃവിയോഗം പോലെ കരച്ചിലടക്കാൻ കഴിയാതെ വിഷമിച്ച സന്ദർഭം; നാല്പത്തിമൂന്ന് വർഷത്തിനു ശേഷവും അതേ തീവ്രതയോടെ ഞാൻ ഓർത്തെടുക്കുന്നു.