railway

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്നവയില്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി ഏറ്റവും പ്രിയപ്പെട്ടത് ജനശതാബ്ദി ട്രെയിനുകളാണ്. തിരുവനന്തപുരം - കോഴിക്കോട് റൂട്ടിലും കണ്ണൂര്‍ - തിരുവനന്തപുരം റൂട്ടിലൂമാണ് കേരളത്തിലെ രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. മലയാളികള്‍ക്ക് ഓണ സമ്മാനമായി ഇതിലൊരു ട്രെയിനിന്റെ എല്ലാ കോച്ചുകളും എല്‍എച്ച്ബി ആയി മാറുകയാണ്. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദിയിലാണ് ഈ മാറ്റം വരുന്നത്.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്‍.എച്ച്.ബി കോച്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണ് ഇവ. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസില്‍ സെപ്റ്റംബര്‍ 29 മുതലും കണ്ണൂരില്‍ നിന്ന് തിരിച്ചുള്ള സര്‍വീസില്‍ സെപ്റ്റംബര്‍ 30 മുതലും പുതിയ കോച്ചുകള്‍ ഉപയോഗിച്ച് തുടങ്ങും. കണ്ണൂര്‍ - തിരുവനന്തപുരം ജനശദാബ്ദിയിലെ കോച്ചുകളെ സംബന്ധിച്ച് കാലങ്ങളായി യാത്രക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു. തീരെ മോശം അവസ്ഥയിലുള്ള കോച്ചുകളിലെ പ്രശ്‌നങ്ങള്‍ ഒരിടയ്ക്ക് റെയില്‍വേ അധികൃതര്‍ പരിഹരിക്കുകയും ചെയ്തിരുന്നു.

എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നത് പുറമേ ഈ ട്രെയിന്‍ പ്രതിദിന സര്‍വീസ് ആയി മാറ്റണമെന്ന ആവശ്യവും മുന്നോട്ടവച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനിലും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എല്‍എച്ച്ബി കോച്ചിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പുറമേ എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റിയുടെ കോച്ചുകള്‍ മാറുന്നതും റെയില്‍വേയുടെ പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.