
ഹൈദരാബാദ്: ഇരുപത്തൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെ (ജാനി മാസ്റ്റർ) കേസ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമാണ് ജാനി. നൃത്തസംവിധായിക കൂടിയായ യുവതിയാണ് ഹൈദരാബാദിലെ റൈദുർഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യുവതി നർസിംഗി സ്വദേശിയായതിനാൽ കേസ് അവിടത്തെ സ്റ്റേഷന് കൈമാറി.
ഏതാനും മാസങ്ങളായി ഇവർ ജാനിക്കൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. ചെന്നൈ, മുംബയ്, ഹൈദരാബാദ് ഉൾപ്പെടെ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.
ഷൂട്ടിംഗിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ നിന്ന് തന്നെ തടയുന്നതായി ആരോപിച്ച് ജൂണിൽ ഡാൻസറായ സതീഷും ജാനിക്കെതിരെ പരാതി നൽകിയിരുന്നു. 2015ൽ ഒരു കോളജിൽ നടന്ന അക്രമത്തിന് 2019ൽ ജാനിയെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറ് മാസ തടവിന് ശിക്ഷിച്ചിട്ടുണ്ട്.