
കയ്പമംഗലം: ഓണദിവസങ്ങളിൽ കയ്പമംഗലത്ത് വ്യത്യസ്ത അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് ലക്ഷം വീട് കോളനിയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോളനിയിലെ തട്ടേക്കാട്ട് അരുൺകുമാർ (27)നെയാണ് അറസ്റ്റ് ചെയ്തത്. പുത്തൻവീട്ടിൽ സജീവനാണ് (43) കുത്തേറ്റത്. സഹോദരന്റെ മകനുമായി അരുൺകുമാർ അടിയുണ്ടാക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് സജീവന് കുത്തേറ്റത്. കയ്പമംഗലം പന്ത്രണ്ടിലെ കോളനിയിൽ അയൽവാസിയായ സ്ത്രീയെയും ഭർത്താവിനെയും മർദ്ദിച്ചതിന് കാരേക്കാട്ട് ഷിനീഷ് (39)നെയും പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് കയ്പമംഗലം ഡോക്ടർപടി സ്വദേശി അരവീട്ടിൽ ശരത്‌ലാൽ (30)നെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരേയും റിമാൻഡ് ചെയ്തു.