arm

തിരുവനന്തപുരം: ഇക്കഴിഞ്ഞ 12-ാം തീയതി റിലീസ് ചെയ്ത ടൊവിനോ ചിത്രം 'എആർഎമ്മിന്റെ' തിയേറ്റർ പ്രിന്റ് ടെലിഗ്രാമിലൂടെ പ്രചരിക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹൃദയം തകർക്കുന്നുവെന്നാണ് സംഭവത്തിൽ സംവിധായകൻ പ്രതികരിച്ചത്.

'ഒരു സുഹൃത്താണ് എനിക്ക് ഇത് അയച്ചത്. ഹൃദയം തകർക്കുന്നു. വേറേ ഒന്നും പറയാൻ ഇല്ല . ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടെ … അല്ലെ എന്ത് പറയാൻ', -എന്നാണ് ജിതിൻ ലാൽ കുറിച്ചത്. ഒരാൾ ട്രെയിനിൽ ഇരുന്ന് 'എആർഎം' കാണുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വ്യത്യസ്‌തമായ പ്രമേയം വഴി മികച്ച കാഴ്‌ചാനുഭവം നൽകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എആർഎം. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള 3ഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തീയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നാല് ദിവസങ്ങൾകൊണ്ട് 35 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ എആർഎമ്മിനായി. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ ടൊവിനോ. ഇതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ഇറങ്ങിയിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയുന്ന ഈ 3 ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.