gold

സര്‍വകാല റെക്കാഡിനരികെ സ്വര്‍ണ്ണവില


കൊച്ചി: വീണ്ടും സര്‍വ്വകാല റെക്കാഡിടാനുള്ള കുതിപ്പിലാണ് പൊന്ന്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ്ണവില വീണ്ടും 55,000 രൂപ കടന്നു. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 6880 രൂപയിലും പവന് 120 രൂപ വര്‍ദ്ധിച്ച് 55,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ചരിത്രത്തിലെ രണ്ടാമത്തെ സര്‍വകാല ഉയര്‍ന്ന നിരക്കുമാണിത്. അടുത്ത ദിവസങ്ങളില്‍ 80 രൂപ കൂടി വര്‍ദ്ധിച്ചാല്‍ പൊന്നിന്റെ വില സര്‍വ്വകാല റെക്കാഡിടും. കേരളത്തില്‍ സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്നത് ഈ വര്‍ഷമാണ്. കഴിഞ്ഞ മെയ് 20ന് രേഖപ്പെടുത്തിയ 55,120 ആണ് ഇതുവരെയുള്ള സര്‍വ്വകാല റെക്കാഡ്. കഴിഞ്ഞ ആഴ്ചയുടെ അവസാന രണ്ട് ദിവസങ്ങളില്‍ പവന് 1280 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 120 രൂപയും. നാല് ദിവസം കൊണ്ട് പവന് കൂടിയത് 1400 രൂപ! ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7505 രൂപയായിരുന്നു.


ഉത്സവ, വിവാഹസീസണില്‍ സ്വര്‍ണ്ണവില കത്തിക്കയറുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ടെങ്കിലും വിപണിയില്‍ വാങ്ങല്‍ താത്പര്യമാണ് കണ്ടുവരുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി.എസ്.ടിയും കൂടി 60,000 രൂപയോളം ചെലവഴിക്കേണ്ടി വരും. അന്താരാഷ്ട്ര തലത്തിലും ചരിത്രത്തിലെ ഉയര്‍ന്ന നിലവാരങ്ങളിലാണ് സ്വര്‍ണ്ണവില. 6.25 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 2585.26 ഡോളറാണ് ഇന്നലെ ആഗോള സ്വര്‍ണ്ണവില. അതേസമയം, രാജ്യാന്തര വിപണിയില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ തീരുമാനങ്ങളും നയവ്യതിയാന പ്രഖ്യാപനവും സ്വര്‍ണ്ണവിലയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

സ്വര്‍ണവില കൂടാനുള്ള കാരണം

രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവ്.

യു.എസ് ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടി

പണപ്പെരുപ്പ് ആശങ്കകള്‍

വിപണിയിലെ അനിശ്ചിതത്വം

ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍

ഈ വര്‍ഷം സ്വര്‍ണവില ഏറ്റവും ഉയര്‍ന്നത്

സ്ഥാനം- തീയതി - ഗ്രാമിന്റെ വില - പവന്റെ വില

1. മെയ് 20- 6,890 - 55,120

2.സെപ്തംബര്‍ 16- 6,880- 55,040

3. ജൂലൈ 17 - 6,875- 55,000

4. സെപ്തംബര്‍ 14- 6,865- 54,920

5. ജൂലൈ 18- 6,860- 54,880