
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വിവിധ സ്ഥലങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ ഇതാദ്യമായി പൊതുജനങ്ങളുടെ ശബ്ദം രോഷമായി ഉയർന്നെങ്കിലും നിരക്ക് വർദ്ധനയിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം ഉണ്ടാകുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കാനടക്കം 110 പേജുള്ള അപേക്ഷയാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചത്. ഇതിന്മേൽ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളിൽ നടത്തിയ പൊതു തെളിവെടുപ്പിൽ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ബോർഡിനെതിരെ രംഗത്തെത്തിയത്. കാലങ്ങളായി കാത്തുവച്ച പ്രതിഷേധമാണ് രോഷമായി അണപൊട്ടിയത്. മുമ്പും ഇത്തരം ആവശ്യവുമായി ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിക്കുമായിരുന്നെങ്കിലും കമ്മിഷന്റെ സിറ്റിംഗുകൾ ആരുമറിയാതെ പ്രഹസനമായി മാറുകയായിരുന്നു. എന്നാൽ ഇതാദ്യമായി അതിന് മാറ്റം സംഭവിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റും കൊല്ലം ബാറിലെ അഭിഭാഷകനുമായ വിനോദ് മാത്യു വിൽസൺ സമൂഹമാദ്ധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പ് വൈറലായതോടെയാണ് കമ്മിഷൻ നടത്തിയ സിറ്റിംഗുകളിലേക്ക് ഉപഭോക്താക്കൾ കൂട്ടത്തോടെ പരാതിയുമായി എത്തിയത്. കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടത്തിയ സിറ്റിംഗുകളിൽ വൻ ജനപങ്കാളിത്തം ഉണ്ടായതോടെ തിരുവനന്തപുരത്ത് നടന്ന അവസാന സിറ്റിംഗിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാർ ബോർഡിനനുകൂലമായി കാര്യങ്ങൾ നിരത്തിയതോടെ യഥാർത്ഥ ഉപഭോക്താക്കളുമായി വാഗ്വാദവും സംഘർഷവുമുണ്ടായി. പൊലീസും റഗുലേറ്ററി കമ്മിഷൻ ഉദ്യോഗസ്ഥരും ഇടപെട്ടാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. ഉപഭോക്താക്കളുടെ ഭാഗത്തു നിന്നെത്തിയവർ വൈദ്യുതി ബോർഡിന്റെ അടിയ്ക്കടിയുള്ള നിരക്ക് വർദ്ധന ന്യായീകരിക്കാനാകാത്തതാണെന്ന് കണക്കുകളും തെളിവുകലും നിരത്തിയാണ് കമ്മിഷൻ മുമ്പാകെ അവതരിപ്പിച്ചത്. ബോർഡിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ട്രേഡ്‌യൂണിയനുകളുടെ കള്ളക്കളികളും അവർ അക്കമിട്ട് നിരത്തിയപ്പോഴാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ ബോർഡ് ജീവനക്കാർ തടസ്സവാദങ്ങളിലൂടെ അലങ്കോലമാക്കാൻ ശ്രമിച്ചത്. 2023 നവംബർ 1 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. 2024 ജൂലായ് 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് നിരക്ക് പരിഷ്‌ക്കരിക്കാൻ പുതിയ നിർദ്ദേശങ്ങൾ റഗുലേറ്ററി കമ്മിഷന് നൽകുകയായിരുന്നു. ഈ വർഷം യൂണിറ്റിന് 34 പൈസ വർദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. അതനുസരിച്ചുള്ള തെളിവെടുപ്പാണ് വിവിധയിടങ്ങളിൽ നടന്നത്.
വരുമാനത്തിന്റെ 30
ശതമാനം ശമ്പളത്തിന്
അധികജീവനക്കാരും അധികശമ്പളവുമാണ് വൈദ്യുതിബോർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്താനുള്ള സാഹചര്യമെന്നും അതിന്റെ ഭാരം കൂടി തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽ യൂണിറ്റ് വരുമാനത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി 70 പൈസ ചിലവഴിക്കുമ്പോൾ കേരളത്തിൽ അത് 1.56 രൂപയാണ്. ബോർഡിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനവും ശമ്പളത്തിനും പെൻഷൻ നൽകാനുമായി ഉപയോഗിക്കുന്ന ഏക സംസ്ഥാന വൈദ്യുതി ബോർഡാണ് കേരളത്തിലേത്. ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് ഈടാക്കുന്നതിനു പകരം ഫിക്സഡ് ചാർജും മറ്റു നിരവധി പേരുകളിലുള്ള നിരക്കും ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഓരോ മാസവും റീഡിംഗ് എടുക്കുന്നതിനു പകരം രണ്ട് മാസത്തിലൊരിക്കലുള്ള മീറ്റർ റീഡിംഗും തട്ടിപ്പാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട് മീറ്റർ ഏർപ്പെടുത്തി സുതാര്യത കൈവരിച്ചപ്പോൾ ഇവിടെ യൂണിയനുകൾ അതിനെ എതിർക്കുന്നത് കൊള്ളയടി തുടരാനാണ്. എന്നാൽ പദ്ധതികൾ പൂർത്തിയാക്കാനാകാത്തതും പുതിയ പദ്ധതികളോടുള്ള എതിർപ്പും പ്രതിസന്ധിക്ക് കാരണമാകുന്നതായി വൈദ്യുതി ബോർഡ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയെങ്കിലും ബോർഡിന്റെ കെടുകാര്യസ്ഥതയാണ് പദ്ധതികൾ പൂർത്തിയാകാത്തതിന് കാരണമെന്ന് ഉപഭോക്താക്കൾ പറഞ്ഞു. വിവിധ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി 3000 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ബോർഡ് ഒരു പാവം ഉപഭോക്താവ് വൈദ്യുതി ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്ന നടപടിയെയും യോഗത്തിൽ ചോദ്യം ചെയ്തു. ബി.അശോക് ചെയർമാനായിരുന്ന 2021- 22 കാലയളവിൽ ബോർഡ് പ്രവർത്തനലാഭം നേടിയ കാര്യവും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. ബോർഡിന്റെ അവസ്ഥയെ ന്യായീകരിച്ചും ജീവനക്കാർക്ക് നൽകേണ്ട ഡി.എ കുടിശികയെക്കുറിച്ചും സംസാരിച്ച വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബിജുപ്രഭാകർ ഉപഭോക്താക്കളിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിട്ടത്.
റഗുലേറ്ററി കമ്മിഷൻ
ഉപഭോക്തൃ സൗഹൃദമാകുമോ ?
റഗുലേറ്ററി കമ്മിഷൻ ജനപക്ഷത്താണെന്നും ആരുടെയും അഭിപ്രായങ്ങൾ അന്ധമായി വിശ്വസിച്ച് തീരുമാനം എടുക്കില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ ജോസ് പറഞ്ഞെങ്കിലും നിരക്ക് വർദ്ധനവിന് അംഗീകാരം നൽകാതിരിക്കാൻ കമ്മിഷന് കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബോർഡ് ശുപാർശ ചെയ്ത അതേ നിരക്ക് തന്നെ അംഗീകരിക്കണമെന്നുമില്ല. വൈദ്യുതി വിതരണ കമ്പനികൾ മുൻ വർഷങ്ങളിൽ വൈദ്യുതി വാങ്ങിയ വിലയും ഉല്പാദനചിലവും മറ്റ് അടിസ്ഥാന ചിലവുകളും മുൻനിറുത്തിയാണ് നിരക്ക് പരിഷ്ക്കരണത്തിന് റഗുലേറ്ററി കമ്മിഷനോട് ശുപാർശ ചെയ്യുന്നത്. കേന്ദ്ര വൈദ്യുതി നിയമപ്രകാരം വൈദ്യുതി ബോർഡ് പോലെയുള്ള സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിച്ചില്ലെങ്കിലും നഷ്ടമില്ലാത്ത നിലയിൽ പ്രവർത്തിക്കേണ്ടതുണ്ട്. റഗുലേറ്ററി കമ്മിഷൻ തീരുമാനം എതിരാണെങ്കിൽ ബോർഡിന് വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും കഴിയും.
കമ്മിഷനിലും
രാഷ്ട്രീയം
റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിന് ഇതാദ്യമായി ഉപഭോക്താക്കളുടെ വൻ പങ്കാളിത്തമുണ്ടായത് കമ്മിഷനെയും വൈദ്യുതി ബോർഡിനെയും അമ്പരപ്പിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. മുൻകാലങ്ങളിൽ രണ്ട് സ്ഥാപനങ്ങളും പരസ്പര ധാരണയിലാണ് പ്രവർത്തിച്ചു പോന്നത്. നിരക്ക് വർദ്ധനവടക്കമുള്ള ശുപാർശകൾ ആരാരും അറിയാതെ അംഗീകാരം നൽകുന്നതായിരുന്നു ഇക്കാലമത്രയും തുടർന്നു വന്ന രീതി. കൺസ്യൂമർ കോടതി പോലെ അർദ്ധ ജുഡിഷ്യൽ അധികാരങ്ങളുള്ള റഗുലേറ്ററി കമ്മിഷനിൽ ചെയർമാനടക്കം മൂന്നംഗങ്ങളാണുള്ളത്. കമ്മിഷൻ അംഗങ്ങളായി എത്തുന്നവരിൽ വൈദ്യുതി ബോർഡിൽ നിന്ന് തന്നെ വിരമിച്ചവരും ഉണ്ടാകും. ഇവരുടെ നിയമനവും രാഷ്ട്രീയമായുള്ളതായതിനാൽ വൈദ്യുതി ബോർഡിന്റെയും ട്രേഡ് യൂണിയനുകളുടെയും സ്വാധീനം കമ്മിഷൻ തീരുമാനത്തിലും ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബോർഡുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്നത്. ഐ.എ.എസുകാരനായ ചെയർമാൻ ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് തീരുമാനം കൈക്കൊണ്ടാലും അതംഗീകരിക്കപ്പെടണമെന്നില്ല. ടി.കെ ജോസ് ചെയർമാനായ ഇപ്പോഴത്തെ കമ്മിഷനിൽ ബി.പ്രദീപ്, അഡ്വ.എ.ജെ വിൽസൺ എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന ചീഫ് സെക്രട്ടറി, റിട്ട. ഹൈക്കോടതി ജഡ്ജി, കേന്ദ്ര വൈദ്യുതി അതോറിറ്റി നോമിനി എന്നിവരടങ്ങിയ സമിതിയാണ് റഗുലേറ്ററി കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നത്. റഗുലേറ്ററി കമ്മിഷനിൽ നിന്ന് ഉപഭോക്താക്കൾക്കനുകൂലമായ വലിയ തീരുമാനമൊന്നും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും നിരക്ക് വർദ്ധന ആവശ്യമുന്നയിച്ച ബോർഡിന്റെ നിലപാട് സംബന്ധിച്ച് ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾക്ക് പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനായെന്നത് തന്നെ വിജയമായെന്ന നിലപാടിലാണ് ഉപഭോക്താക്കൾ. വരും കാലങ്ങളിലും ഉപഭോക്താക്കളുടെ ശക്തമായ നിലപാടിൽ ബോർഡിന്റെ ജനവിരുദ്ധ നിലപാടുകളിൽ കാതലായ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈ സാഹചര്യമെന്നും ഉപഭോക്തൃ സംഘടനകൾ വിലയിരുത്തുന്നു. റഗുലേറ്രറി കമ്മിഷൻ വെറും കടലാസ് പുലിയാകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാനാകും.