
കോഴിക്കോട്: സ്വർണ നിറമുള്ള പുഴുക്കളാണ് കോഴിക്കോട് കുണ്ടായിത്തോട് ബൈത്തുൽ ഖാൻസിൽ കെ.പി.ഫിറോസ് ഖാന്റെ ഭക്ഷണവും വരുമാനവും. പുഴുക്കളെ വച്ച് ഫിറോസും കുടുംബവും പല ഭക്ഷണങ്ങളും ഉണ്ടാക്കി കഴിക്കുന്നുണ്ട്. സ്വയംതൊഴിൽ തേടുന്നവർക്കും കർഷകർക്കും വീട്ടമ്മമാർക്കും കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം നേടാനാകുന്ന ഉപജീവനമാർഗമാണ് പുഴു വളർത്തലെന്ന് ഖാൻ പറയുന്നു.
സ്വർണ നിറത്തിലുള്ളവയാണ് ഇവ. കുറഞ്ഞ പരിപാലന ചെലവിലും സ്ഥലത്തിലും തുടങ്ങാമെന്നതിനാൽ വീട്ടമ്മമാർക്കും വീടുകളിലും പുഴുക്കളെ വളർത്തി വരുമാനം കണ്ടെത്താനാകും. സ്റ്റേജ് ഡെക്കറേഷൻ കരാർ രംഗത്ത് പ്രവർത്തിക്കുന്ന ഫിറോസ് ഖാൻ വിദേശത്തുനിന്ന് കൊണ്ടുവന്ന പുഴുക്കളെ വളർത്തിയാണ് തുടക്കം കുറിച്ചത്. വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ലെങ്കിലും പുഴുക്കളെ വീടുകളിലേക്ക് സ്വാഗതം ചെയ്യുന്ന രീതി നമ്മുടെ നാട്ടിലും വളർന്നുവരികയാണ്.

വീട്ടിലെ മറ്റു വളർത്തു ജീവികൾക്ക് ഭക്ഷണമായും വളർത്താവുന്ന പുഴുക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. 2,450 മുതൽ 7,350 രൂപ വരെയാണ് വിത്ത് പുഴുക്കളുടെ വില. പരിപാലനത്തിന് പ്രത്യേക ചെലവോ പരിചരണമോ ആവശ്യമില്ല. മുറികളിൽ പോലും ഇവയെ വളർത്താം. പണം ചെലവഴിച്ച് ട്രേ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ബക്കറ്റുകളിലും വളർത്താം. ഓട്സ്, ഗോതമ്പ് എന്നിവ നിറച്ച് വളർത്തു നിലമൊരുക്കാം.
ചുറ്റുപാട് വൃത്തിയായി സൂക്ഷിച്ചാൽ മുറികളിൽ പോലും ദുർഗന്ധം ഉണ്ടാകില്ലെന്നും ഇന്നുവരെ യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഫിറോസ് ഖാൻ പറയുന്നു. പരിശീലനം ആവശ്യമുള്ളവർക്ക് സൗജന്യമായി പരിശീലനം നൽകാനും ഇദ്ദേഹം തയ്യാറാണ്. ലൈവായും ഡ്രൈയായും പൗഡറായും പേസ്റ്റായും ക്രീമായും പുഴുക്കളെ ഉപയോഗപ്പെടുത്താനാകും. 27 വർഷമായി വളർത്തു ജീവികളുമായി ഇടപഴകി ജീവിക്കുന്ന ഫിറോസ് ഖാൻ അവയ്ക്കുള്ള ഭക്ഷണത്തിനായാണ് പുഴുക്കളെ വളർത്തി തുടങ്ങിയത്. ഭാര്യ ജസീലയും മക്കളായ ഷാഹുൽ ഖാനും ഷഹബാസ് ഖാനും സഹായികളായി ഒപ്പമുണ്ട്.