
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. ഒക്‌ടോബർ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ വേണ്ടെന്നാണ് കോടതി ഉത്തരവ്. പൊളിക്കലുകൾ നിർത്തിവച്ചാൽ ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു.
കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെയുള്ള ഹർജിയിലാണ് കോടതി പരാമർശം. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ കോടതി പരിഗണിച്ചിരുന്നു.
പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റ് വസ്‌തുക്കളും പൊളിക്കാൻ പാടില്ല. സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
ആരെങ്കിലും ഒരു കേസിൽ പ്രതിയാണെന്നതുകൊണ്ട് ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിന് തുല്യമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിനെതിരെ ഈ മാസം മൂന്നാം തവണയാണ് സുപ്രീം കോടതി ആഞ്ഞടിക്കുന്നത്.