
കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് നടപ്പാക്കി മമത സർക്കാർ. കൊൽക്കത്ത പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് വിനീത് ഗോയലിനെ നീക്കി. പകരം മനോജ് കുമാർ വർമയെ നിയമിച്ചു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് എ.ഡി.ജി.പി ആയാണ് വിനീത് ഗോയലിന്റെ പുതിയ നിയമനം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിൽനിന്നാണ് പൊലീസ് കമ്മിഷണർ സ്ഥാനത്തെത്തുന്നത്. 1998 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ് മനോജ് കുമാർ. ഡോക്ടർ കൊല്ലപ്പെട്ടതിനുപിന്നാലെ വിനീത് ഗോയലിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച സംഭവിച്ചെന്നും അദ്ദേഹത്തെ മാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. അനുനയ ചർച്ചകളൊന്നും ഫലപ്രദമാകാതെ വന്നതോടെ വിനീത് ഗോയലിനെ മാറ്രാൻ സർക്കാരിന് സമ്മർദ്ദമേറിയിരുന്നു.
പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വിനീത് ഗോയലിനെയും ആരോഗ്യവകുപ്പ് ഡയറക്ടറയെും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും സ്ഥാനങ്ങളിൽനിന്ന് നീക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെ ജോലിയിൽ പ്രവേശിക്കാൻ മമത വീണ്ടും ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ആഗസ്റ്ര് 14ന് ആർ.ജി.കർ മെഡിക്കൽ കോളേജിന് നേരെ നടന്ന ആക്രമണത്തിൽ വിനീത് ഗോയൽ വിമർശനം നേരിട്ടിരുന്നു.