
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ കൊല്ലം സെയ്‌ലേഴ്സും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിന് തോൽപ്പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ഫൈനലിലെത്തിയത്. പിന്നാലെ തൃശൂർ ടൈറ്റൻസിനെ 16 റൺസിന് കീഴടക്കി കൊല്ലം സെയ്‌ലേഴ്സും കലാശക്കളിക്ക് ടിക്കറ്റെടുത്തു.
റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. മറുപടിക്കിറങ്ങിയ റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളു. നാല് ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തിൽ 55 റൺസ് നേടുകയും ചെയ്ത അഖിൽ സ്കറിയയാണ് കാലിക്കറ്റിന്റെ വിജയശില്പി. കാലിക്കറ്റിനുവേണ്ടി നായകൻ റോഹൻ കുന്നുമ്മലും(64) അർദ്ധ സെഞ്ച്വറി നേടി. അഖിലും റോഹനും ചേർന്ന് നേടിയ 88 റൺസാണ് കാലിക്കറ്റിന് കരുത്തേകിയത്. റോഹൻ 34 പന്തിൽ ആറു സിക്‌സും മൂന്നു ബൗണ്ടറിയും ഉൾപ്പെടെയാണ് 64 റൺസെടുത്തത്.
ട്രിവാൻഡ്രം റോയൽസിന് ആദ്യ ഓവറിലെ നാലാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് റിയാ ബഷീർ- ഗോവിന്ദ് പൈ കൂട്ടുകെട്ട് ടീം സ്‌കോർ ഉയർത്തി. 10 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലായിരുന്നു റോയൽസ്. 15 ഓവറിൽ 131/1 എന്ന നിലയിലെത്തി. എന്നാൽ 15.4-ാം ഓവറിൽ റിയാ ബഷീറിനെ അഖിൽ സ്‌കറിയ അഭിജിത് പ്രവീണിന്റെ കൈകളിലെത്തിച്ചതോടെ കളി മാറാൻ തുടങ്ങി. 40 പന്തിൽ ആറു സിക്‌സും മൂന്നു ഫോറും ഉൾപ്പെടെ 69 റൺസാണ് റിയ അടിച്ചെടുത്തത്. സ്‌കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ ഗോവിന്ദ് പൈയും മടങ്ങി. തുടർന്ന് ക്യാപ്ടൻ അബ്ദുൾ ബാസിത് മൂന്നു പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായി. എം.എസ്. അഖില്‍, വിനോദ്കുമാര്‍, പി.ജി. ഗിരീഷ് എന്നിവരും അതിവേഗം പുറത്തായതോടെ റോയൽസിന്റെ ഇന്നിംഗ്സ് 20 ഓവറിൽ 155/7ൽ അവസാനിച്ചു.
രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഭിഷേക് നായരുടെ സെഞ്ച്വറി (103) മികവിൽ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റൺസ് നേടി. അഭിഷേക് നായരും ക്യാപ്ടൻ സച്ചിന്‍ ബേബിയും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 110 റൺസിന്റെ കൂട്ടുകെട്ട് കൊല്ലത്തെ ശക്തമായ നിലയിൽ എത്തിച്ചു. അഭിഷേക് 61 പന്തിൽ നിന്ന് ആറു സിക്‌സും 11 ബൗണ്ടറിയും ഉൾപ്പെടെ 103 റൺസ് നേടിയപ്പോൾ 49 പന്ത് നേരിട്ട സച്ചിൻ ബേബി നാലു സിക്‌സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 83 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ തൃശൂരിന്റെ വിഷ്ണു വിനോദ് 13 പന്തിൽ 37 റൺസടിച്ച് പുറത്തായി. തുടർന്ന് പൊരുതിയെങ്കിലും കൊല്ലം 16 റൺസ് ജയം നേടി. അഭിഷേക് ജെ. നായരാണ് പ്ലെയർ ഓഫ് മാച്ച്.
ഫൈനൽ 6.45 pm മുതൽ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറേമുക്കാലിണ് ഫൈനൽ തുടങ്ങുന്നത്. പ്രവേശനം സൗജന്യം. കെ.സി.എൽ. ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി.അബ്ദുറഹിമാനും ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിക്കും. ഫൈനലിന് മുമ്പ് മസാല കോഫി സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.