
ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. 3000ത്തോളം പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ള നേതാക്കളും ലെബനീസ് പാർലമെന്റിലെ ഹിസ്ബുള്ള പ്രതിനിധി അലി അമ്മറിന്റെ മകനും കൊല്ലപ്പെട്ടതിലുൾപ്പെടുന്നു. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3. 30 നായിരുന്നു സംഭവം. ഒരേസമയം വിവിധയിടങ്ങളിലായി ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സൈബർ ആക്രമണം മൂലം ലിഥിയം ബാട്ടറികൾ അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേൽ -ഹിസ്ബുള്ള ഭിന്നത രൂക്ഷമായിരിക്കെ അപകടം ആസൂത്രിതമാണെന്നും റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറി ഇസ്രയേൽ സ്‌ഫോടനം നടത്തിയാതാണെന്ന് ലെബനീസ് സുരക്ഷാ ഏജൻസി പ്രതികരിച്ചു. യു.എന്നിൽ പരാതിപ്പെടുമെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുള്ളയ്ക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നുണ്ട്.
ശത്രുവിൽ നിന്ന്
രക്ഷ നേടാൻ
മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുള്ള സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരേ സമയത്ത് ലെബനനിൽ ഉടനീളം പൊട്ടിത്തെറിച്ചത്.
തിരിച്ചടിക്കും ഹിസ്ബുള്ള
പേജർ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും അറിയിച്ചു. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിർന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. അതേസമയം, ഹിസ്ബുള്ളയുടെ ആരോപണം ശരിയാണെങ്കിൽ ലോകത്തെ തന്നെ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രയേൽ നടപ്പാക്കിയത്. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഇതോടൊപ്പം കനക്കുന്നുണ്ട്.
അതിനിടെ,ആക്രമണത്തിന്റെ പിന്നിൽ ഇസ്രയേലാണെന്ന് ലബനൻ ഭരണകൂടവും ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്, ഇത്ഇസ്രയേൽ ചെയ്തതാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.
ഗാസയിൽ വ്യോമാക്രമണം
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നുസീറത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിലാണ് ആറ് പേർ കൊല്ലപ്പെട്ടത്.
ജറുസലമിൽ ഇസ്രയേൽ അതിർത്തിയിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഭീകരാക്രമണത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, ഗാസയിൽ പോളിയോ വാക്സീൻ വിതരണം തുടരുകയാണ്. 90 ശതമാനം പേർക്കും പോളിയോ മരുന്നു നൽകി. കുട്ടികൾക്കമുള്ള രണ്ടാംഘട്ട മരുന്നു വിതരണം ഈ മാസം അവസാനത്തോടെ നടക്കും. ഇതിനകം 6,40,000 പേർക്ക് വാക്സീൻ നൽകി. ഗാസയിൽ മരണം 41,226 ആയി.
അതേസമയം, ലെബനൻ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്ത ഇസ്രായേലികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്നതിന് തന്റെ യുദ്ധ ലക്ഷ്യങ്ങൾ വിപുലീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.