
മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.
ശ്രീലങ്കയിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികൾ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും. അതിഥി വേഷത്തിലായിരിക്കും സുരേഷ് ഗോപി എത്തുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മാണം. സ്വകാര്യ സന്ദർശനത്തിന് കുടുംബസമേതം സിംഗപ്പൂരിന് പോയ മമ്മൂട്ടി ഈ ആഴ്ച മടങ്ങിയെത്തും. നവാഗതനായ ജിതിൻ എ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 22ന് നാഗർകോവിലിൽ ആരംഭിക്കാനാണ് തീരുമാനം. മൂന്നുദിവസം വൈകി ചിത്രീകരണം ആരംഭിക്കാനും സാദ്ധ്യതയുണ്ട്. മമ്മൂട്ടി മടങ്ങിയെത്തിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ. ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ കഥാകൃത്തായ ജിതിന്റെ ആദ്യ ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതായിരിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു സുഷിൻ ശ്യാമാണ് സംഗീത സംവിധാനം. ഭീഷ്മപർവം കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്കുശേഷം സുഷിൻ ശ്യാം വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. താരനിർണയം അവസാന ഘട്ടത്തിലാണ്. ജിതിൻ കെ. ജോസിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. അടുത്തവർഷം അവസാനത്തേക്ക് മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയതായിരുന്നു. എന്നാൽ പിന്നീട് ഇതിന് മാറ്റം വരികയാണ് ഉണ്ടായത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഇതാദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന് വിദേശത്തും ചിത്രീകരണമുണ്ട്. 90 ദിവസം നീണ്ട ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രത്തിനുശേഷം അമൽ നീരദ് ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പുതുവർഷത്തിൽ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് അമൽനീരദ് ചിത്രത്തിലായിരിക്കും. അതേസമയം നവാഗതനായ ഡിനു ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ഇതാദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്.