navya-nair

തുറവൂർ : ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് തുണയായി നടി നവ്യനായർ. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ട്രെയിലറെ നവ്യനായർ കാറിൽ പിന്തുടർന്ന് തടഞ്ഞുനി‍ർത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് പട്ടണക്കാട് ഇന്ത്യൻ കോഫിഹൗസിന് സമീപമായിരുന്നു സംഭവം.

ദേശീയപാത നവീകരണത്തിന് തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷനുള്ള ട്രെയിലറാണ് രമേശന്റെ സൈക്കിളിൽ ഇടിച്ചത്. തുടർന്ന് നിർത്താതെപോയ ട്രെയിലറിനെ നവ്യ വാഹനത്തിൽ പിന്തുടർന്ന് തടയുകയായിരുന്നു. കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്ന് ഹൈവേ പൊലീസും പട്ടണക്കാട് എ.എസ്‌.ഐ ട്രീസയും സ്ഥലത്തെത്തി ട്രെയിലർ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവമിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചർച്ചയാവുകയാണ്. നടിയുടെ സമയോചിതമായ പ്രവൃത്തിയെ ആരാധകരടക്കം അനേകം പേരാണ് അഭിനന്ദിക്കുന്നത്.

എല്ലാവരും ചെയ്യേണ്ട കാര്യമാണ് താൻ ചെയ്തതെന്നായിരുന്നു സംഭവശേഷം നവ്യയുടെ പ്രതികരണം. റോഡിൽ അപകടം കണ്ടാൽ പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നടി കൂട്ടിച്ചേർത്തു. മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴിക്ക് റോഡിൽ പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയിലെത്തിക്കാനും നടി മുൻകൈയെടുത്തിരുന്നു.

ഇതെല്ലാം മാനുഷിക പരിഗണനയുടെ ഭാഗമാണെന്നാണ് സംഭവസമയം നടിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നവ്യയുടെ പിതാവ് രാജു നായർ പ്രതികരിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യപ്പറ്റോടെയാണ് നമ്മൾ പെരുമാറേണ്ടത്. അല്ലാതെ മാറി നിൽക്കുന്നതല്ല ശരിയെന്നും അദ്ദേഹം പറഞ്ഞു.