man

ടോക്കിയോ: പങ്കാളിയോട് സ്‌നേഹവും കരുതലും കാണിക്കുന്നത് സ്വാഭാവികം. എന്നാൽ അത് അതിരുകടന്നാലോ? അത്തരത്തിൽ ഒരു സംഭവമാണ് അടുത്തകാലത്ത് ജപ്പാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ അമഗാസാക്കി നഗരത്തിലാണ് സംഭവം. ഭാര്യയെ ദിവസവും നൂറിലധികം പ്രാവശ്യം ഫോണിൽ വിളിക്കുന്ന പരാതിയിൽ യുവാവ് അറസ്റ്റിലായിരിക്കുകയാണ്.

യുവതിയെ ഇടതടവില്ലാതെ വിളിക്കുക മാത്രമല്ല യുവാവ് ചെയ്തത്. ഭാര്യ ഫോണെടുത്താൽ ഇയാളൊന്നും സംസാരിച്ചിരുന്നില്ല. കൂടാതെ മ​റ്റുപല മൊബൈൽ നമ്പറുകളിൽ നിന്നും ഇയാൾ ഭാര്യയെ വിളിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോട നിരന്തരമായ ഫോൺ കോളുകൾ കൊണ്ട് യുവതി പൊറുതിമുട്ടുകയായിരുന്നു. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ചെയ്യുന്നത് ഭർത്താവാണെന്ന് ആദ്യസമയങ്ങളിൽ യുവതിക്ക് സംശയമില്ലായിരുന്നു. തുടർന്നാണ് സംശയം ദൃഢപ്പെട്ടത്.

ഇരുവരും ഒരുമിച്ച് വീട്ടിലുളള സമയങ്ങളിൽ യുവതിക്ക് കോളുകൾ വരുന്നത് ചുരുക്കമായിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിനുമേലുളള സംശയവും അവർ പൊലീസിനെ അറിയിച്ചിരുന്നു. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതി യുവതിയുടെ ഭർത്താവ് തന്നെയെന്ന് കണ്ടെത്തിയത്. എന്തിനാണ് ഭാര്യയെ നിരന്തരമായി ഫോണിൽ വിളിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് യുവാവ് നൽകിയ മറുപടി വേറിട്ടതായിരുന്നു. ഭാര്യയോടുളള അധികമായ സ്നേഹം കൊണ്ടാണ് ഇടതടവില്ലാതെ വിളിച്ചിരുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി.