സിനിമാ മേഖലയിലേക്ക് താൻ വളരെ അപ്രതീക്ഷിതമായാണ് എത്തിയതെന്ന് നടി ശ്രീയ രമേഷ്. ഒരുപാട് ഇഷ്‌ടപ്പെടുന്ന താരങ്ങളായ മോഹൻലാൽ മമ്മൂട്ടി എന്നിവർക്കൊപ്പം അഭിനയിക്കാൻ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു. സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം ഭയമുണ്ടായിരുന്നെങ്കിലും ഭർത്താവും കസിൻസുമെല്ലാം പിന്തുണ നൽകി. സിനിമാ സെറ്റിലെത്തിയപ്പോൾ അവിടുത്തെ താരങ്ങൾ നൽകിയ പിന്തുണയെപ്പറ്റിയും ശ്രീയ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീയ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

'തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ ഭയങ്കര കംഫർട്ടബിളായി തോന്നിയിട്ടുണ്ട്. അവർക്ക് മറ്റ് ഭാഷകളിൽ നിന്നുള്ള ആർട്ടിസ്റ്റുകളോട് ബഹുമാനമാണ്. ലാലേട്ടനോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇനിയൊരു അവസരം കിട്ടിയാൽ മമ്മൂക്കയോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ഉർവശിച്ചേച്ചിയുടെ കഥാപാത്രം ആരും ചെയ്യാൻ ആഗ്രഹിക്കുന്നതാണ്. പക്ഷേ, അത് അത്ര എളുപ്പമല്ല. ഞാൻ ചെയ്‌തിട്ടുള്ളതിൽ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ഏറ്റവും ഇഷ്‌ടം. ഒരുപാടുപേർ അതിലൂടെ എന്നെ തിരിച്ചറിയാൻ തുടങ്ങി.'

'എനിക്ക് ഏറ്റവും കൂടുതൽ കാണണമെന്ന് ആഗ്രഹമുള്ള നടൻ ഫഹദ് ഫാസിലാണ്. തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെ 95 ശതമാനം പേരും ഫഹദ് ഫാൻസാണ്. ലാലേട്ടനെയോ മമ്മൂക്കയെയോ പോലും അവർ ചോദിക്കാറില്ല. അത്രയും ആരാധനയാണ് ഫഹദിനോട്. എനിക്കും അദ്ദേഹത്തെ എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ.

mohanlal